വാഹനാപകടത്തിൽ പരിക്കേറ്റ ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ അന്തരിച്ചു

കണ്ണൂർ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മട്ടന്നൂർ ചാവശേരി ശ്രീനിലയത്തിൽ രാഗേഷ് കായലൂർ (51) അന്തരിച്ചു. ബുധൻ പകൽ 11ന് കണ്ണൂർ ദേശാഭിമാനിയിലും 12ന് മട്ടന്നൂരിലും പൊതുദർശനം. ഒരു മണിക്ക് വീട്ടിലെത്തിച്ചശേഷം നാലിന് മട്ടന്നൂർ നഗരസഭയുടെ പൊറോറയിലെ നിദ്രാലയത്തിൽ സംസ്‌കാരം.
ഞായർ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മട്ടന്നൂർ –- ഇരിട്ടി റോഡിൽ കോടതിക്ക് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂർ എ കെ ജി ആശുപത്രിയിലും തുടർന്ന് ചാല മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കൾ പുലർച്ചെ അടിയന്തര ശസ്‌ത്രക്രിയ നടത്തി. ചൊവ്വ വൈകിട്ട് ഏഴരയോടെയാണ് അന്ത്യം.
ദീർഘകാലം ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകനായിരുന്നു. 2008ൽ കണ്ണൂർ ദേശാഭിമാനിയിൽ പ്രൂഫ് റീഡറായി. കാസർകോട് ബ്യൂറോയിലും ലേഖകനായി പ്രവർത്തിച്ചു. ഇ പി ജയരാജൻ വ്യവസായമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫായിരുന്നു.
സിപിഐ എം കണ്ണൂർ ദേശാഭിമാനി എഡിറ്റോറിയൽ ബ്രാഞ്ചംഗമാണ്. പരേതനായ എ സി രാഘവൻനമ്പ്യാരുടെയും ഓമനയുടെയും മകനാണ്. ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം). മക്കൾ: ശ്രീനന്ദ രാഗേഷ്, സൂര്യതേജ്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ് എന്നിവർ അനുശോചിച്ചു.











0 comments