print edition സിഇടിക്ക് ഇത് പേറ്റന്റ് നേട്ടങ്ങളുടെ വർഷം: ആര്‍ ബിന്ദു

പേറ്റന്റുകൾ കരസ്ഥമാക്കിയ സിഇടിയിലെ അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കുമൊപ്പം മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: വിവിധ വിഷയങ്ങള്‍ക്ക് പേറ്റന്റ് സ്വന്തമാക്കിയ കോളേജ് ഓഫ് എന്‍ജിനിയറിങ് തിരുവനന്തപുരത്തിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും അഭിനന്ദിച്ച് മന്ത്രി ആര്‍ ബിന്ദു. സ്ട്രോക്ക് ലെങ്ത് മാറ്റാൻ സൗകര്യമുള്ള പിൻ ഓൺ റെസിപ്രോക്കേറ്റിങ് പ്ലേറ്റ് ട്രൈബോമീറ്റർ, ഗ്രിഡ് ബന്ധിത മൈക്രോഗ്രിഡിന്റെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്ന നൂതന റിലേ സംവിധാനം, റിബഡ് സ്മോക്ക്ഡ് റബർഷീറ്റുകളുടെയും അതിന്റെ സിസ്റ്റത്തിന്റെയും ഓട്ടോമാറ്റിക് ഗ്രേഡിങ് മാതൃക, പോർട്ടബിൾ ഫ്ലോമീറ്റർ എന്നിവയാണ് ഈ വര്‍ഷത്തില്‍ സിഇടിയുടെ പ്രധാന കണ്ടുപിടിത്തങ്ങള്‍.
പ്രൊഫ. ഡോ. വി ആർ രാജീവ്, പ്രൊഫ. ഡോ. ടി വി ഹരീഷ്, പ്രൊഫ. ഡോ. പ്രേംകുമാർ, ജി ഉണ്ണികൃഷ്ണൻ എന്നിവർ നയിച്ച ഗവേഷണ പ്രവർത്തനങ്ങളാണ് സ്ട്രോക്ക് ലെങ്ത് മാറ്റാൻ സൗകര്യമുള്ള പിൻ ഓൺ റെസിപ്രോക്കേറ്റിങ് പ്ലേറ്റ് ട്രൈബോമീറ്റർ വികസിപ്പിച്ചത്. വീഡിയോ ഡാറ്റയുടെയും അതിന്റെ ഇലക്ട്രോണിക് ഉപകരണത്തിന്റെയും ആധികാരികത നിർണയിക്കുന്നതിനുള്ള രീതി വികസിപ്പിക്കാന്‍ ഡോ. ആര്‍ ശ്രീലക്ഷ്മി, ലിഞ്ചു ലോറൻസ് എന്നിവര്‍ നേതൃത്വം നൽകി.
ഗ്രിഡ് ബന്ധിത മൈക്രോഗ്രിഡിന്റെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്ന നൂതന റിലേ സംവിധാനം പ്രൊഫ. ഡോ. ടി രാജീവ്, ഡോ. ദിവ്യ എസ് നായർ, സിന്ദൂര മിറാജ് എന്നിവരാണ് വികസിപ്പിച്ചത്. റിബഡ് സ്മോക്ക്ഡ് റബർ ഷീറ്റുകളുടെയും അതിന്റെ സിസ്റ്റത്തിന്റെയും ഓട്ടോമാറ്റിക് ഗ്രേഡിങ് രീതി വികസിപ്പിച്ചാണ് പ്രൊഫ. ഡോ. എല്‍ എസ് ബിനു, പ്രൊഫ. ഡോ. സനിൽ കെ ഡാനിയൽ, അനു എ ലാൽ, എസ് സുരഭി എന്നിവർ പേറ്റന്റ് നേടിയത്. പ്രൊഫ. ഡോ. രഞ്ജിത്ത് എസ് കുമാർ, ടീന കൃഷ്ണൻ, സിദ്ധാർഥ് പ്രകാശ്, ടി പി റനീസ്, മെനോസോ സാസ എന്നിവർ ചേർന്നാണ് പോർട്ടബിൾ ഫ്ലോമീറ്റർ സാങ്കേതികവിദ്യ വികസിപ്പിച്ചത്.










0 comments