ad
Deshabhimani

പുറ്റിങ്ങൽ കേസ്: വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

Puttingal Blast
വെബ് ഡെസ്ക്

Published on Sep 08, 2026, 08:20 AM | 2 min read

കൊല്ലം : പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സെഷൻസ് കേസ് നമ്പർ 1734/2023-ന്റെ വിചാരണയാണ്‌ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്‌. വിചാരണയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട സർക്കാർ വിശദീകരണവും ബന്ധപ്പെട്ട രേഖകളും പരിശോധിക്കാൻ സമയം അനുവദിച്ചാണ് ജസ്റ്റിസ് ജി ഗിരീഷ് ഉത്തരവിട്ടത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതിന്റെ കാരണങ്ങൾ സംബന്ധിച്ച്‌ ഒന്നാം പ്രതിയായ സർക്കാരിന്റെ വിശദീകരണം കോടതിയിൽ സമർപ്പിക്കാനും ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനുമായി പബ്ലിക് പ്രോസിക്യൂട്ടർ ഹ്രസ്വമായ സമയം ആവശ്യപ്പെട്ടു. മൂന്നാം എതിർകക്ഷിയും കൗണ്ടർ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടു.


തുടർന്ന് കേസ് 14-ന് പരിഗണിക്കാനായി മാറ്റി. അതുവരെ പുറ്റിങ്ങൽ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണയ്ക്ക് ഇടക്കാല സ്റ്റേ ഉണ്ടായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഡ്വ. കെ പി ജബ്ബാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹർജിക്കാരനുവേണ്ടി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പ് (സീനിയർ)ഹാജരായി. അഡ്വ. ജോൺസൺ ഗോമസും അഡ്വ. സഞ്ജയ് ജോൺസണും മൂന്നാം എതിർകക്ഷിക്കുവേണ്ടിയും ഹാജരായി.

2016 ഏപ്രിൽ 10 നാണ് രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായത്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്ഫോടനമാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. പുലർച്ചെ 3.11 ന് ഉണ്ടായ സ്ഫോടനത്തിൽ 110 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 656 പേർക്ക് പരിക്കേറ്റു. അതിൽ അഞ്ഞൂറോളം പേരുടെ പരിക്ക്‌ ഗുരുതരമായിരുന്നു. ദുരന്തത്തിൽ 358 വീടുകൾക്ക്‌ നാശനഷ്ടമുണ്ടായി. റവന്യൂ അധികൃതർ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്.


ദുരന്തം നടന്ന് 10 വർഷം കഴിയുമ്പോഴും സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്‌ പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച്‌ 1734/2023 നമ്പരിൽ ചാർജ് ചെയ്ത് അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം പരവൂർ കോടതിയിൽ സമർപ്പിച്ചു. ഇത് പിന്നീട് ജില്ലാ സെഷൻസ് കോടതിക്ക് കൈമാറി. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ 59 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 15 പേർ മരിച്ചു.


ഒന്നും മൂന്നു മുതൽ ഒമ്പത് വരെയും 11 മുതൽ 16 വരെയും 18 മുതൽ 21 വരെയും പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ ക്ഷേത്ര ഭരണസമിതി ഭാരവാഹികളാണ്. 16 മുതൽ 20 വരെയുള്ള പ്രതികൾ വെടിക്കെട്ടുകാരാണ്. 21–-ാം പ്രതി വെടിക്കെട്ടിന് നേതൃത്വം നൽകിയയാളാണ്. 22 മുതൽ 25 വരെയും 28 മുതൽ 41 വരെയും 41 മുതൽ 55 വരെയുമുള്ള പ്രതികൾ വെടിക്കെട്ട്‌കാരുടെ തൊഴിലാളികളുമാണ്. 57 മുതൽ 59 വരെയുള്ള പ്രതികൾ വെടിക്കെട്ടുകാർക്ക് സ്ഫോടക വസ്തുക്കൾ വിതരണം ചെയ്തവരുമാണ്. ആയിരത്തിലധികം പേർ സാക്ഷികളായുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home