ad
Deshabhimani

ഇന്ന് സാക്ഷരതാദിനം

അക്ഷരത്തെ അതിജീവന ആയുധമാക്കി സജിത

sajitha literacy day
വെബ് ഡെസ്ക്

Published on Sep 08, 2026, 08:40 AM | 1 min read

കരുനാഗപ്പള്ളി : അക്ഷരവെളിച്ചത്തെ അതിജീവനത്തിന്റെ സാധ്യതയാക്കി വിജയംനേടി യുവതി. കണ്ണനല്ലൂർ ചരുവിള ബഷീർകുട്ടിയുടെയും സുബൈദ ബീവിയുടെയും മകൾ സജിതയാണ് മാതൃകയാകുന്നത്‌. 75ശതമാനം ശാരീരിക വൈകല്യമുള്ള സജിത സ്കൂൾ പഠനം തുടർന്നിരുന്നില്ല. കുടുംബത്തിന്റെ ജീവിത പ്രയാസങ്ങൾക്കിടയിലും അക്ഷരവെളിച്ചത്തിലൂടെ ജീവിതം തിരികെപ്പിടിക്കണം എന്ന നിശ്ചയദാർഢ്യമാണ്‌ പിന്നീട്‌ മുന്നോട്ടുനയിച്ചത്‌.


സാക്ഷരതാമിഷന്റെ തുല്യതാപരീക്ഷയിൽ ചേർന്ന് നാലാം ക്ലാസ് മുതലുള്ള പരീക്ഷകളിൽ തുടർച്ചയായ വിജയം നേടി, പത്തും പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ മികച്ച രീതിയിൽ പൂർത്തിയാക്കിയ സജിത ഇപ്പോൾ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഡിഗ്രി വിദ്യാർഥിയാണ്. ഒരുകാലത്ത് തനിക്ക് നഷ്ടപ്പെട്ട സ്കൂൾ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സജിത.


രോഗബാധിതരായ അച്ഛനമ്മമാരുടെ സംരക്ഷണം കൂടി ഒരു പരിധിവരെ ഇപ്പോൾ സജിതയാണ് ഏറ്റെടുത്തിരിക്കുന്നത്. താൻ പഠിച്ചുനേടിയ അറിവ് കുട്ടികൾക്ക് പകർന്നുനൽകി അതുവഴി ലഭിക്കുന്ന വരുമാനം ഉപയോഗപ്പെടുത്തി ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുകയാണ്‌ ഈ പെൺകുട്ടി. അറുപതോളം കുട്ടികൾക്കാണ് സജിത ട്യൂഷൻ എടുക്കുന്നത്. ജീവിതത്തിൽ നേരിടുന്ന ഏതു പ്രതിസന്ധിയെയും വെല്ലുവിളിയെയും അതിജീവിക്കാൻ അറിവ്‌ തനിക്ക് കരുത്താകുമെന്ന സന്ദേശമാണ് സജിത പകർന്നുനൽകുന്നത്. സാക്ഷരതാ പ്രേരകായ എൽ ഷീബയാണ്‌ പ്രചോദനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home