കറുപ്പിന്റെ പേരിലുള്ള വിവേചനം ജനാധിപത്യ സമൂഹത്തിന് അപമാനം: പുരോഗമന കലാസാഹിത്യ സംഘം

തിരുവനന്തപുരം: കറുപ്പിന്റെ പേരിലുള്ള വിവേചനം കേരളം പോലുള്ള പുരോഗമന ജനാധിപത്യ സമൂഹത്തിന് അത്യന്തം അപമാനകരമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി. ചീഫ് സെക്രട്ടറി ശാരദമുരളീധരൻ തുറന്നു പറഞ്ഞ കറുപ്പിന്റെ പേരിലുള്ള അവഹേളനം മലയാളി മനസ്സിന്റെ ജീർണ്ണമുഖങ്ങളെയാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്.
കറുപ്പിനെ സൗന്ദര്യത്തിനു പുറത്തു നിർത്തിയത് ഫ്യൂഡൽ യാഥാസ്ഥിതിക മൂല്യബോധമാണ്. സവർണ്ണ പാരമ്പര്യവും, അതിൻ്റെ തുടർച്ചയും ഈ ജീർണ്ണതയെ ആഘോഷിക്കുന്നു. പുരോഗമന ജനാധിപത്യ ആശയങ്ങളിൽ മുന്നേറിയ മലയാളി ജീവിതം, പ്രത്യക്ഷത്തിനപ്പുറത്ത് എന്തുമാത്രം ജീർണ്ണതയിലാണ് എന്നതിൻ്റെ അടയാളമാണിത്.
കറുപ്പിനെ സൗന്ദര്യത്തിനു പുറത്തു നിർത്തുന്നത് മനുഷ്യ സമത്വത്തിനെതിരാണ്. സനാതനവർണ്ണ വ്യവസ്ഥ യാഥാസ്ഥിതിക മൂല്യബോധങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. മലയാളി സമൂഹത്തിൽ പിടി മുറുക്കാൻ ശ്രമിക്കുന്ന പുരോഗമന ജനാധിപത്യ വിരുദ്ധചിന്തകളെല്ലാം ഇതിൻ്റെ സൃഷ്ടിയാണ്. കേരളീയ സമൂഹത്തിൽ ഉയർന്നുവന്ന ഈ സംവാദം സകല സമത്വ ചിന്തകൾക്കും ഊർജ്ജം പകരും. സമത്വ ത്തിലധിഷ്ഠിതമായ മഹത്തായ മാനവിക ആശയങ്ങൾക്ക് സകല ജീവിതസന്ദർഭങ്ങളിലും ഇടം നൽകിക്കൊണ്ട് ഇത്തരം ജീർണ്ണതകളെ പ്രതിരോധിക്കണമെന്നും പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.










0 comments