print edition പുനർജനി തട്ടിപ്പുകേസ്: സതീശന് ക്ലീൻചിറ്റ് അന്വേഷണം തുടരുന്നതിനിടെ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: പുനർജനി ഫണ്ട് തട്ടിപ്പിൽ മുഖ്യമന്ത്രി വി ഡി സതീശന് ആഭ്യന്തരവകുപ്പ് ക്ലീൻചിറ്റ് നൽകിയത് വിജിലൻസിന്റെ തുടരന്വേഷണ റിപ്പോർട്ട് വരുംമുൻപ്. പുനർജനി പദ്ധതിക്കായി എംഎൽഎയായിരിക്കെ സതീശൻ ലണ്ടനിൽനിന്ന് പണം പിരിച്ചത് എഫ്‌സിആർഎ നിയമം ലംഘിച്ചാണെന്ന് പ്രാഥമികാന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയിരുന്നു.
ഇതേപ്പറ്റി കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന വിജിലൻസ് ഡയറക്ടറുടെ ശുപാർശയിലാണ് മുൻ സർക്കാർ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അത് പൂർത്തിയാകുംമുന്പ് യുഡിഎഫ് സർക്കാർ കേസ് അട്ടിമറിച്ചു.
വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിനെതുടർന്നാണ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയത് എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് ശുപാർശ ചെയ്‌തതും നിലവിലെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ്. അദ്ദേഹം 2025 ഏപ്രിൽ 30നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്.
എഫ്സിആർഎ ലംഘനത്തിൽ സിബിഐ അന്വേഷണത്തിന് വിടുംമുന്പ് കൂടുതൽ അന്വേഷണം നടത്തി വ്യക്തത വരുത്താനാണ് വിജിലൻസിന്റെതന്നെ തുടരന്വേഷണത്തിന് വിട്ടത്. ആദ്യം അന്വേഷിച്ച സംഘത്തിനുതന്നെ വിജിലൻസ് ഡയറക്ടർ ചുമതല കൈമാറി. അവർ തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടില്ല. യുഡിഎഫ് സർക്കാർ വന്നതോടെ വിജിലൻസ് ഡയറക്ടറിൽനിന്ന് മറ്റൊരു റിപ്പോർട്ട് ആവശ്യപ്പെട്ട് സതീശനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
കേന്ദ്ര ഏജൻസി അന്വേഷിക്കാൻ ശുപാർശ ചെയ്‌ത കേസ് അവസാനിപ്പിച്ച് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകണമെങ്കിൽ പുതിയ അന്വേഷണം നടത്തണം. അത് നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ആഭ്യന്തരമന്ത്രിക്ക് മറുപടിയില്ല. മുൻ സർക്കാരിന്റെ കാലത്തെ തുടരന്വേഷണത്തിൽ റിപ്പോർട്ട് നൽകാതെ എങ്ങനെ അന്വേഷണം അവസാനിപ്പിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.










0 comments