മുട്ടത്തറയിൽ 332 ഫ്ളാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി
നിറചിരിയോടെ സ്വപ്നവീട്ടിലേക്ക്

പുനർഗേഹം പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിൽ സാന്ദ്ര മഹേഷിനും മകൻ റയാനും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ വി എൻ വാസവനും വി ശിവൻകുട്ടിയും സജി ചെറിയാനും ആഹ്ലാദം പങ്കുവയ്ക്കുന്നു
മിൽജിത് രവീന്ദ്രൻ
Published on Aug 08, 2025, 02:30 AM | 1 min read
തിരുവനന്തപുരം
അമ്മ സാന്ദ്രയ്ക്കൊപ്പം വേദിയിലെത്തിയപ്പോൾ റയാൻ മുന്നിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിൽനിന്ന് താക്കോൽ ഏറ്റുവാങ്ങുമ്പോൾ നിറഞ്ഞ ചിരി. മുഖ്യമന്ത്രിയുടെ കുശലാന്വേഷണത്തിനു ചിരിച്ചുകൊണ്ട് മറുപടി. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പുനർഗേഹം പദ്ധതിയിൽ മുട്ടത്തറയിൽ നിർമിച്ചുനൽകിയ 332 ഫ്ളാറ്റുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ സന്തോഷതിരയിളക്കം. എട്ട് ഏക്കറിൽ ‘പ്രത്യാശ’ സമുച്ചയത്തിലെ 400 ഫ്ളാറ്റുകളിൽ നിർമാണം പൂർത്തിയാക്കിയ 332 ഫ്‌ളാറ്റുകളാണ് മുഖ്യമന്ത്രി കൈമാറിയത്.
തിരമാല ഉയർന്നാൽ ഭീതിയോടെ ഉറക്കമൊഴിച്ചും, കടലേറ്റം രൂക്ഷമാകുമ്പോൾ ക്യാമ്പുകളിൽ അഭയം തേടേണ്ടി വന്നവർക്കുമാണ് സംസ്ഥാന സർക്കാരിന്റെ കരുതലിൽ സുരക്ഷിതഭവനം ഒരുക്കിയത്. ഹാൾ, ഭക്ഷണ മുറി, രണ്ടു കിടപ്പുമുറി, ശുചിമുറി, അടുക്കള എന്നിവയുണ്ട്. റോഡ്, അഴുക്കുചാൽ, നടപ്പാത, ചുറ്റുമതിൽ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഒരു ഫ്ളാറ്റിന് 20 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. സ്ഥലവിലയും മറ്റു സൗകര്യങ്ങളും കണക്കിലെടുത്താൽ 40 ലക്ഷത്തിലധികംവരും മൂല്യം.
കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവരെ സംസ്ഥാന സർക്കാർ ഭൂമി കണ്ടെത്തി പുനരധിവസിപ്പിക്കുകയായിരുന്നു. വീട് നഷ്ടപ്പെട്ട് വാടകവീടുകളിൽ താമസിക്കുന്നവർക്ക് കിടപ്പാടം പൂർത്തിയാകുന്നതുവരെ മാസം 5500 രൂപ വീതം വാടക നൽകി.
ഉത്സവാന്തരീക്ഷത്തിലായിരുന്നു മുട്ടത്തറയിൽ താക്കോൽ കൈമാറ്റ ചടങ്ങ്. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കലക്ടർ അനുകുമാരി, പാളയം ഇമാം വി പി ഷുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുത്തു. പുനർഗേഹം പദ്ധതിയിൽ മലപ്പുറം താനൂരിൽ നിർമിച്ച 16 ഫ്‌ളാറ്റുകളുടെ ഉദ്‌ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.










0 comments