‘പ്രത്യാശ’യിൽ സന്തോഷത്തിര ; മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റുകൾ നാളെ കൈമാറും

തിരുവനന്തപുരം മുട്ടത്തറയിൽ വ്യാഴാഴ്‌ച മത്സ്യത്തൊഴിലാളികൾക്ക് കെെമാറുന്ന പുനർഗേഹം ‘പ്രത്യാശ’ ഫ്ലാറ്റ് സമുച്ചയം
തിരുവനന്തപുരം
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി പുനർഗേഹം പദ്ധതി വഴി സംസ്ഥാന സർക്കാർ മുട്ടത്തറയിൽ നിർമിച്ച ‘പ്രത്യാശ’ ഫ്ലാറ്റ് സമുച്ചയം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. 400 ഫ്ലാറ്റുകളിൽ പണിപൂർത്തിയായ 332 എണ്ണത്തിന്റെ താക്കോൽദാനമാണ് നിർവഹിക്കുന്നത്. ഇതിൽ 162 കുടുംബങ്ങൾ വാടകയ്ക്ക് കഴിഞ്ഞിരുന്നവരാണ്. സർക്കാർ ക്വാട്ടയിൽ ഉൾപ്പെടുത്തിയ 19 കുടുംബങ്ങൾക്കും ഫ്ലാറ്റ് നൽകുന്നുണ്ട്. ജില്ലാതല കമ്മിറ്റി അംഗീകരിച്ച 133 ഗുണഭോക്താക്കളും, വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ 18 കുടുംബങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ 68 ഫ്ലാറ്റുകളുടെ പണി പൂർത്തിയാക്കും.
പുനർഗേഹം തീരദേശ പുനരധിവാസ പദ്ധതിയിൽ മുട്ടത്തറ വില്ലേജിൽ 2023ലാണ് ഭവനസമുച്ചയത്തിന്റെ നിർമാണം ആരംഭി ച്ചത്.
ക്ഷീരവികസന വകുപ്പിൽനിന്ന് ഫിഷറീസ് വകുപ്പിന് കൈമാറിയ എട്ട് ഏക്കറിൽ 81 കോടി രൂപയുടെ പദ്ധതിക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല . സാങ്കേതിക മേൽനോട്ടം ഹാർബർ എൻജിനിയറിങ് വകുപ്പാണ്.
തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്നും 50 മീറ്റർ പരിധിക്കുള്ളിൽ കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളെയും സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കാൻ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന ബൃഹദ്‌പദ്ധതിയാണ് പുനർഗേഹം. 2450 കോടി രൂപയാണ് 2019–2020 സാമ്പത്തികവർഷം അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 1398 കോടി രൂപയും വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽനിന്ന് 1052 കോടി രൂപയും. തിരുവനന്തപുരത്ത് മുട്ടത്തറയിൽ 96 ഫ്ലാറ്റും കാരോട് 24 ഫ്ലാറ്റും ഉൾപ്പെടെ 120 ഫ്ലാറ്റുകളുടെ ശുപാർശയും സർക്കാർ പരിഗണനയി ലാണ്.











0 comments