ad
Deshabhimani

print edition സ്വകാര്യ ആശുപത്രികളിലേക്ക്‌ നിക്ഷേപ പ്രവാഹം ; രോഗികളെ വഴിതിരിച്ചുവിടാൻ ഗൂഢനീക്കം

DOCTORS
വെബ് ഡെസ്ക്

Published on Feb 21, 2026, 01:39 AM | 1 min read


തിരുവനന്തപുരം

കേരളത്തിലെ സ്വകാര്യ ചികിത്സാ രംഗത്തേക്ക്‌ വിദേശ കമ്പനികൾ അടക്കമുള്ള കോർപറേറ്റുകൾ വൻതോതിൽ നിക്ഷേപമൊഴുക്കുന്നു. 5000 കോടിയിലധികം മുടക്കി വൻകിട ആശുപത്രികളിലെ മുഖ്യ ഓഹരി വാങ്ങിയതിന്‌ പിന്നാലെ കൂടുതൽ കമ്പനികൾ എത്തുകയാണ്‌. കാൽലക്ഷം കോടി രൂപയെങ്കിലും ഇ‍ൗ മേഖലയിൽ മുതൽമുടക്കാൻ കോർപറേറ്റുകൾ തയ്യാറെടുക്കുന്നുവെന്നാണ്‌ ഇ‍ൗ രംഗത്തുള്ളവർ വ്യക്തമാക്കുന്നത്‌.


അതിന്റെ മുന്നോടിയായായാണ് ശക്തിപ്പെട്ടുനിൽക്കുന്ന കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ താറടിച്ച് കാണിക്കാൻ മാധ്യമങ്ങളുടെ ഗൂഢശ്രമം. ഇതിനായാണ്‌ ചില ഒറ്റപ്പെട്ട സംഭവങ്ങളെ ഉ‍ൗതിപ്പെരുപ്പിക്കുന്നത്‌. 5,000 കോടിയിലധികം മുടക്കി ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കെകെആർ, ബ്ലാക്ക്‌സ്റ്റോൺ എന്നീ കമ്പനികൾ തിരുവനന്തപുരത്തേയും കോഴിക്കോട്ടെയും വൻകിട ആശുപത്രികളുടെ 70 ശതമാനം ഓഹരിയാണ്‌ സ്വന്തമാക്കിയത്‌. തിരുവനന്തപുരം കിംസ്‌, കോഴിക്കോട്‌ ബേബി മെമ്മോറിയൽ, മെയ്ത്ര, ആസ്‌റ്റർ ഡിഎം തുടങ്ങി ആശുപത്രികളുടെ ഓഹരികളാണ്‌ ഇതുവരെ നിക്ഷേപം സ്വീകരിച്ചവയിൽ ഉള്ളത്‌. എന്നാൽ, അതത്‌ മേഖലകളിൽ പ്രശസ്തി നേടിയ ചെറുകിട ആശുപത്രികൾ വാങ്ങി വൻകിട സംവിധാനത്തിലേക്ക്‌ മാറ്റാനാണ്‌ പുതിയ നിക്ഷേപങ്ങൾ. തിരുവനന്തപുരം നഗരമധ്യത്തിലുള്ള പ്രസവ ശുശ്രൂഷാ കേന്ദ്രത്തിലും കൊച്ചിയിലെ ചില ആശുപത്രികളിലും വൻകിട നിക്ഷേപത്തിന്‌ കരാറായിട്ടുണ്ട്‌.


ആതുരസേവന രംഗത്ത്‌ പ്രവർത്തിച്ച്‌ പരിചയമോ പരമ്പര്യമോ ഇല്ലാത്ത വൻകിടക്കാരാണ്‌ ലാഭം മാത്രം ലക്ഷ്യമിട്ട്‌ കേരളത്തിലെ ആശുപത്രികൾ വാങ്ങിക്കൂട്ടുന്നത്‌. അമേരിക്കൻ മാതൃകയിൽ ആരോഗ്യ ഇൻഷൂറൻസ്‌ വ്യപകമാക്കുന്ന കേന്ദ്രസർക്കാർ നയവും ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ്‌. മാധ്യമങ്ങൾ പരസ്യവരുമാനം മുന്നിൽകണ്ടാണ്‌ ഇവർക്ക്‌ കുടപിടിക്കുന്നത്‌. ശരിക്കും ഇ‍ൗ കഴുത്തറുപ്പൻ ആശുപത്രികളിലേക്ക്‌ രോഗികളെ എത്തിക്കുകയെന്ന ‘ കൊട്ടേഷൻ ’ ഏറ്റെടുത്തിരിക്കുകയാണ്‌ മാധ്യമങ്ങളും പ്രതിപക്ഷവും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home