വേതനവർധന: വിവാദം ഗൂഢലക്ഷ്യത്തോടെ
print edition ശമ്പളം നാലിലൊന്ന് തടവുകാർക്ക് മാത്രം ; തുകയിൽ പകുതിയും കുടുംബത്തിന്

മിൽജിത് രവീന്ദ്രൻ
Published on Jan 17, 2026, 02:31 AM | 1 min read
തിരുവനന്തപുരം
ജയിൽതടവുകാരുടെ വേതനവർധന സംബന്ധിച്ച് വസ്‌തുതാവിരുദ്ധമായ കാര്യങ്ങളും അർധസത്യങ്ങളും പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നത് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ. തടവുകാർക്ക് ന്യായമായ വേതനമെന്നുള്ളത് ഭരണഘടനാപരമായ തത്ത്വമാണെന്ന സുപ്രീംകോടതി നിർദേശപ്രകാരമാണ് വേതനം വർധിപ്പിച്ചതെന്ന വസ്‌തുത മറച്ചുപിടിക്കുന്നു. വേതനനിർണയം മാനുഷികവും യുക്തിസഹവുമായ മാനദണ്ഡങ്ങളിലധിഷ്ഠിതമാകണമെന്ന കോടതി നിർദേശമനുസരിച്ചാണ് സംസ്ഥാന സർക്കാർ 530 മുതൽ 620 രൂപവരെയാക്കി വർധിപ്പി ച്ചത്.
സംസ്ഥാനത്ത് ആകെ തടവുകാരുടെ മൂന്നിലൊന്ന് പേർക്കുമാത്രമാണ് വേതനമുള്ളത്. പതിനായിരത്തിലേറെ തടവുകാരുള്ളപ്പോൾ, കഠിനതടവിലുള്ളവരും തൊഴിൽ ആവശ്യപ്പെടുന്നവരുമായ നാലായിരത്തോളം പേർക്കാണ് വർധനവുള്ളത്. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതും തെറ്റാണ്. ജയിലുകളോട് അനുബന്ധിച്ച് പെട്രോൾപമ്പുകൾ, ഭക്ഷണനിർമാണ യൂണിറ്റുകൾ തുടങ്ങിയവയിൽ തൊഴിലെടുക്കുന്നവരുടെ വേതനം യൂണിറ്റുകളിലെ ലാഭവിഹിതത്തിൽനിന്നാണ്. ഇവയിൽനിന്നുള്ള വിറ്റുവരവായി വർഷം 16 കോടിയിലധികം രൂപയാണ് ട്രഷറികളിലെത്തുന്നത്.
ആകെ വേതനത്തിന്റെ നാലിലൊന്നു മാത്രമാണ് തടവുകാർ ജയിൽമോചിതരാകുമ്പോൾ ലഭിക്കുക. ശമ്പളത്തിന്റെ അമ്പത് ശതമാനം കുടുംബത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് നൽകുന്നത്. ശേഷിക്കുന്നതിൽ 25 ശതമാനം ജയിലിലെ ക്യാന്റീൻ ആവശ്യങ്ങൾക്കായാണ്. ശിക്ഷ കഴിഞ്ഞിറങ്ങുന്നവർക്ക് പുതിയ ജീവിതം തുടങ്ങാനാവശ്യമായ സാമ്പത്തിക പിൻബലത്തിനും വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനുമാണ് വേതനം നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും വേതനത്തിന്റെ ഒരുപങ്ക് ഉപയോഗിക്കണമെന്ന സുപ്രീംകോടതി ഉത്തരവുമുണ്ട്. ഇതുകൂടി ലക്ഷ്യമിട്ടാണ് വേതനവർധനവ്.
ആശമാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും വേതനവുമായി താരതമ്യപ്പെടുത്തിയാണ് കുപ്രചരണം. 2016ൽ 500 രൂപയായിരുന്ന ആശമാരുടെ ഓണറേറിയം 8000 രൂപയാക്കിയത് എൽഡിഎഫ് സർക്കാരാണ്. ആശമാരെ തൊഴിലാളികളായി അംഗീകരിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, പദ്ധതിയെതന്നെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്കായി സർക്കാർവിഹിതംകൂടി ചേർത്ത് ക്ഷേമനിധി ആരംഭിച്ച രാജ്യത്തെ ഏക സംസ്ഥാനവും കേരളമാണ്. ഇതെല്ലാം മറച്ചുവച്ചാണ് സുപ്രീംകോടതി നിർദേശപ്രകാരം എട്ട് വർഷത്തിനുശേഷം തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ സർക്കാർവിരുദ്ധ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.










0 comments