print edition പരസ്യം കുറിക്കുകൊണ്ടു ; അങ്കലാപ്പിൽ പിടഞ്ഞ് യുഡിഎഫും മാധ്യമങ്ങളും

തിരുവനന്തപുരം
ദുരിതങ്ങൾ നിറച്ച യുഡിഎഫ് ഭരണകാലവും എൽഡിഎഫിന്റെ സുവർണകാലമായ പത്തുവർഷത്തെ ഭരണവും താരതമ്യം ചെയ്ത് പിആർഡി പുറത്തിറക്കിയ പരസ്യ പേജുകൾ പ്രതിപക്ഷത്തിന്റെ കുറിക്ക് കൊണ്ടു. പരസ്യത്തിനെതിരെ കടുത്ത രോഷപ്രകടനവുമായി കോൺഗ്രസ് നേതാക്കളും യുഡിഎഫിനുവേണ്ടി വ്യാജവാർത്ത ചമയ്ക്കുന്ന മാധ്യമങ്ങളും രംഗത്തെത്തി. കേരളത്തിന്റെ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കില്ലെന്ന് ശപഥമെടുത്ത മുഖ്യധാര മാധ്യമങ്ങൾക്കും നുണകൊണ്ട് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നും ദിവാസ്വപ്നം കണ്ട കനുഗോലുമാർക്കും ഏറ്റ കനത്ത പ്രഹരമാണിത്.തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്റെ പരസ്യം ദിവസങ്ങളോളം നൽകിയ മലയാള മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള യുഡിഎഫ് പത്രങ്ങൾ സംസ്ഥാന പിആർഡി പരസ്യം നിഷേധിച്ചു. വസ്തുതകൾ താരതമ്യം ചെയ്യാനുംകെട്ടിപ്പൊക്കിയ നുണക്കോട്ടകൾ തകരാനും പരസ്യം ഇടയാക്കുമെന്ന് പേടിച്ചാണിതെന്ന് വ്യക്തം.
എന്നാൽ, ബഹുഭൂരിപക്ഷം പത്രങ്ങളും ചാനലുകളും സമൂഹമാധ്യമങ്ങളും പരസ്യം ഏറ്റെടുത്ത് ചർച്ചയാക്കിയതോടെ യുഡിഎഫ് പത്രങ്ങളുടെ നിഷേധം വെള്ളത്തിൽ വരച്ച വരയായി. പരസ്യം വന്നതോടെ കോൺഗ്രസ് നേതാക്കൾ അങ്കലാപ്പിലായി. സ്വകാര്യ ചാനലിലടക്കം ഇവരുടെ പരിഭ്രമം പലരൂപത്തിൽ പുറത്തുവന്നു. നികുതിപ്പണം പ്രചാരണത്തിന് ഉപയോഗിച്ചു, ദേശാഭിമാനി വാർത്തകളാണ് വച്ചത്, പിആർഡി അതിരുകടന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണിജോസഫും ഉന്നയിച്ചത്. എന്നാൽ ഇതിലൊന്നും വസ്‌തുതയില്ല. സർക്കാരിനുവേണ്ടി പ്രചാരണം നടത്തുന്ന പിആർഡിക്ക് ബജറ്റ് വിഹിതമുണ്ടെന്ന വസ്‌തുതയും ഇവർ സൗകര്യപൂർവം മറന്നു. വസ്തുതകൾ ചർച്ചയാകുന്നതിൽ വിറളിപിടിച്ച ചെന്നിത്തല പിആർഡി ഉദ്യോഗസ്ഥർക്ക് പെൻഷൻ അനുവദിക്കില്ലെന്നായിരുന്നു പ്രതികരിച്ചത്. 2011–16 കാലത്തെ ഒരു മന്ത്രിയുടേയും പേര് പരസ്യത്തിലില്ലാത്തതിനാൽ ഉമ്മൻചാണ്ടിയെ വേട്ടയാടുന്നുവെന്ന വേണുഗോപാലിന്റെ വാദവും നിലനിൽക്കില്ല.










0 comments