ad
Deshabhimani

print edition രാജ്യം മുഴുവൻ ജന്തർമന്തറുകളുണ്ടാകും

prakash raj
avatar
കെ എ നിധിൻ നാഥ്‌

Published on Aug 22, 2026, 01:30 AM | 2 min read

തൃശൂർ: ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി സമരം രാജ്യത്തിന്റെ ദിശമാറ്റുമെന്ന പ്രതീക്ഷയിലാണ്‌ നടനും ആക്ടിവിസ്റ്റുമായ പ്രകാശ്‌ രാജ്‌. മോദി– സംഘപരിവാർ ഭരണത്തിന്റെ തകർച്ചയുടെ ആരംഭമായാണ്‌ ഇതിനെ കാണുന്നതെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച്‌ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു.


​? രാജ്യത്തിന്റെ ഭാവിയെക്കുറിച്ച്‌ താങ്കളുടെ നിരീക്ഷണം


​രാജ്യത്തിന്റെ ഭാവിയെക്കുറിച്ച്‌ നല്ല പ്രതീക്ഷയുണ്ട്‌. ജനങ്ങൾക്ക്‌ സർക്കാരിന്മേലുള്ള ഭയം ഇല്ലാതായി. പ്രതികരിച്ചാൽ ജോലി നഷ്ടപ്പെടുമെന്നും വേട്ടയാടപ്പെടുമെന്നുമുള്ള ഭയം ആളുകൾക്കുണ്ടായിരുന്നു. എന്നാൽ, യുവതയ്‌ക്ക്‌ അതില്ല. അവർ കേന്ദ്ര സർക്കാരിനെ ചോദ്യംചെയ്യാനായി തെരുവിലിറങ്ങുകയാണ്‌. ഇത്‌ ബിജെപിയെ ഭയപ്പെടുത്തുകയാണ്‌. അതിനൊപ്പം ബിജെപിയെ സംരക്ഷിച്ചിരുന്ന, ആർഎസ്‌എസ്‌ സൃഷ്ടിച്ച ഭയമെന്ന സുരക്ഷാവലയം തകർന്നു.


​? ​ഡൽഹി വിദ്യാർഥി സമരത്തെയും തുടർ സാഹചര്യങ്ങളെയും എങ്ങനെ വിലയിരുത്തുന്നു


​ഡൽഹി വിദ്യാർഥി സമരത്തിനുശേഷം സ്‌കൂൾ വിദ്യാർഥികളടക്കം തെരുവിലിറങ്ങുകയാണ്‌. ഇത്‌ രാജ്യത്താകമാനം പടരുന്നു. സമൂഹമാധ്യമങ്ങൾ ഇന്ന്‌ സാധാരണക്കാരുടെ കൈയിലാണ്‌. അതിലൂടെയും ചോദ്യംചെയ്യാൻ തുടങ്ങി. ജനങ്ങൾ ചോദ്യംചോദിക്കാൻ കൂടുതൽ കരുത്താർജിച്ചു. ഇതൊരു തുടക്കം മാത്രമാണ്‌. എല്ലാ ഫാസ്റ്റിസ്റ്റ്‌ ഭരണകൂടങ്ങളും ഇങ്ങനെതന്നെയാണ്‌ തകർന്നത്‌. അത്‌ ഇവിടെയും ആവർത്തിക്കും.

സ്‌കൂളുകൾ, ആശുപത്രികൾ എന്നിങ്ങനെ രാജ്യമാകെ സമരങ്ങൾ പടരുകയാണ്‌. രാജ്യത്ത്‌ എല്ലായിടത്തും ജന്തർമന്തറുകളുണ്ടാകും. ബിജെപിക്കാർപോലും പാർടിയെ ഉപേക്ഷിക്കുന്നു. അതിനാൽ മാറ്റം വരും, സമയമെടുക്കുമെന്നുമാത്രം. മാധ്യമങ്ങളും വലിയ അഭിനേതാക്കളും അവർക്കൊപ്പമാണ്‌.


അവരെല്ലാം അവസരവാദികളാണ്‌. നമുക്കൊപ്പംനിന്നാൽ നഷ്ടങ്ങളുണ്ടാകുമെന്ന്‌ അവർക്ക്‌ ഭയമാണ്‌. അവരെ തേടി ഇഡി വരുമെന്ന പേടിയാണ്‌. പക്ഷേ, ഭയത്തിൽ സൃഷ്ടിച്ചെടുത്ത മോദി ഭരണം പഞ്ചറായിക്കഴിഞ്ഞു. അത്‌ തകർന്നുവീഴും.

​അതിജീവിക്കുക എന്നത്‌ ഇപ്പോൾ മോദിയുടെ ആവശ്യമായി മാറി. അതിനായി അവർ എന്തും ചെയ്യും. എന്നാൽ ഓരോ പ്രവൃത്തിയിലൂടെയും അവർ തുറന്നുകാണിക്കപ്പെടും. അതേസമയം, അവർക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്താനും ശ്രമിക്കും. മോദി ഇപ്പോഴൊരു ‘റീൽ മേക്കറാ’യി മാറിക്കഴിഞ്ഞു. മാധ്യമങ്ങളെ കാണാത്തയാൾ ഇപ്പോൾ രാത്രിയിൽ റീൽസ്‌ ഇടുകയാണ്‌. അയാൾ ഒരു കോമാളിയായി മാറി. എല്ലാ ഏകാധിപതികളും പതനത്തിനു മുന്പ്‌ കോമാളികളായിട്ടുണ്ട്‌.


​? കേന്ദ്ര സർക്കാരിനോട്‌ ജനങ്ങർക്കുള്ള സമീപനം


​രാജ്യത്തെ 64 ശതമാനം പേരും മോദി ഭരണത്തിനെതിരാണ്‌. നാനൂറിലേറെ സീറ്റ്‌ എന്ന്‌ പറഞ്ഞവർ 240ലേക്ക്‌ എത്തി. മറ്റുള്ളവരുടെ പിന്തുണയില്ലാതെ ഭരിക്കാനാകില്ല. കഴിഞ്ഞതവണ അഞ്ച്‌ ലക്ഷത്തോളം വോട്ടിന്‌ ജയിച്ച മോദിയുടെ ഭൂരിപക്ഷം ഇത്തവണ ഒന്നര ലക്ഷമായി കുറഞ്ഞു.


ഭരണത്തിലുണ്ട്‌ എന്നതിന്റെ അർഥം ജനങ്ങൾ ഒപ്പമുണ്ട്‌ എന്നല്ല. അവർ എംപിമാരെ പണം കൊടുത്തുവാങ്ങി ജനവിധിയെ അട്ടിമറിക്കുകയാണ്‌.

12 വർഷത്തെ ഭരണത്തിനുശേഷവും സഭയിൽ ഒരു ബിൽ പാസാക്കാൻ കഴിയാത്ത സ്ഥിതിവന്നു. മോദി ഇത്രത്തോളം ദുർബലനാണെങ്കിൽ, അതിനർഥം മോദിയുടെ പതനം പതുക്കെ സംഭവിക്കുകയാണെന്നാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home