അതിദരിദ്ര നിർമാർജനത്തിന്റെ അടിസ്ഥാനം വർഗവീക്ഷണം: മന്ത്രി എം ബി രാജേഷ്

കൊല്ലം
വേറെ ഏത് സർക്കാരായിരുന്നെങ്കിലും അവഗണിക്കുമായിരുന്ന എണ്ണത്തിൽ ന്യൂനപക്ഷമായ അതിദരിദ്രരെ എൽഡിഎഫ് സർക്കാർ ചേർത്തുപിടിച്ചത് വർഗപരമായ വീക്ഷണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലെന്ന് മന്ത്രി എം ബി രാജേഷ്. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുണ്ടറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ജനകീയാസൂത്രണത്തിന്റെ നാൾവഴികൾ ’ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
നീതി ആയോഗിന്റെ കണക്ക് അനുസരിച്ച് സംസ്ഥാന ജനസംഖ്യയിൽ അതിദരിദ്രരുടെ അനുപാതം ൦.൭൧ ശതമാനമാണ്. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനം അതിദാരിദ്ര്യ നിർമാർജനമായിരുന്നു. അടുത്ത കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും. അധികാര വികേന്ദ്രീകരണത്തിനായി നടന്ന സമരങ്ങളാണ് പ്രാദേശിക നേതൃത്വത്തെ വളർത്തിയെടുത്തത്. വിദഗ്‌ധർ മാത്രം ഇടപെട്ടിരുന്നിടത്ത് താഴെത്തട്ടിലുള്ളവർവരെ ഭാഗമാകണം എന്നതായിരുന്നു ലക്ഷ്യം.
ഉദാര -– -ആഗോളവൽക്കരണ നയങ്ങൾക്കെതിരായ ബദലിന്റെ ഭാഗമായിരുന്നു ജനകീയാസൂത്രണം. കേരളത്തിന്റെ 70 ശതമാനത്തോളം നഗര ജനസംഖ്യയാണെന്നും ൨൦൩൫ൽ ഇത് വർധിക്കുമെന്നുമാണ് കണക്കുകൾ. ജനകീയാസൂത്രണം പുതിയ ഘട്ടത്തിന്റെ ഊന്നൽ നഗരവൽക്കരണത്തിന്റെ വെല്ലുവിളികൾ പരിശോധിക്കാനും സാധ്യതകൾ ഉപയോഗപ്പെടുത്താനുമാണ്. അടുത്ത ൨൫ വർഷം മുന്നിൽക്കണ്ട നഗരനയം കേരളം നടപ്പാക്കാൻ ഒരുങ്ങുകയാണ്. വ്യക്തിശുചിത്വത്തിൽ മലയാളി മുന്നിലാണെങ്കിലും പൊതുശുചിത്വത്തിൽ പിന്നിലാണ്. അതിനെ മറികടക്കാനാണ് ബൃഹത്തായ മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം ഏറ്റെടുത്തത്. തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലിൽ പ്രകടമായ മാറ്റം ഇപ്പോൾ സംഭവിക്കുന്നുണ്ട്. ലക്ഷ്യം കൈവരിക്കുകയും നിലനിർത്തുകയുമാണ് പ്രധാനം–- മന്ത്രി പറഞ്ഞു.










0 comments