ad
Deshabhimani

ചൈനയ്‌ക്കുശേഷം അതിദാരിദ്ര്യമുക്തമായ ലോകത്തിലെ രണ്ടാമത്തെ പ്രദേശമായി കേരളം

print edition കേരളപ്പെരുമ ; പറയുന്നത്‌ 
നടപ്പാക്കുമെന്ന്‌ ഉറപ്പുള്ള 
സർക്കാർ

povertyfree

അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി റിപ്പോർട്ട് മമ്മൂട്ടിക്ക് നൽകി പ്രകാശിപ്പിക്കുന്നു ഫോട്ടോ: എ ആർ അരുൺരാജ്

വെബ് ഡെസ്ക്

Published on Nov 02, 2025, 02:30 AM | 2 min read


തിരുവനന്തപുരം

നാലരവർഷത്തെ കാത്തിരിപ്പിന്‌ വിരാമം. പ്രതിസന്ധികളെ മറികടന്ന്‌, ഇച്ഛാശക്തിയുടെ കരുത്തിൽ ഒടുവിൽ നമ്മളത്‌ നേടി. ചൈനയ്‌ക്കുശേഷം അതിദാരിദ്ര്യമുക്തമായ ലോകത്തിലെ രണ്ടാമത്തെ പ്രദേശമായി ചരിത്രം രചിച്ച്‌ കേരളം. ആരും പട്ടിണി കിടക്കുകയോ, കിടപ്പാടമില്ലാതെ അലയുകയോ, ചികിത്സ കിട്ടാതെ മരിക്കുകയോ ചെയ്യരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ സർക്കാർ ഏറ്റെടുത്ത ചരിത്രദൗത്യം സാക്ഷാൽക്കരിച്ചതായി സെൻട്രൽ സ്‌റ്റേഡിയത്തിലെ നിറഞ്ഞ സദസ്സിന്‌ മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.


പറയുന്നത്‌ നടപ്പാക്കുമെന്ന്‌ ഉറപ്പുള്ള സർക്കാരും ഒപ്പം നിൽക്കുന്ന ജനങ്ങളുമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയേയും മറികടക്കാം എന്ന്‌ പലതവണ തെളിയിച്ച നാട്‌, കേരളപ്പിറവിയുടെ 69–ാം വാർഷിക ദിനത്തിലാണ്‌ ചരിത്രപരമായ ആ പ്രഖ്യാപനം നടത്തിയത്‌. സംസ്ഥാന നിയമസഭയുടെ പ്രത്യേകസമ്മേളനത്തിലായിരുന്നു ആദ്യപ്രഖ്യാപനം. വൈകിട്ട്‌ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക്‌ ഒഴുകിയെത്തിയ ആയിരങ്ങളെയും ടെലിവിഷൻ ചാനലുകൾക്കുമുന്നിൽ കാഴ്‌ചക്കാരായ ജനലക്ഷങ്ങളെയും സാക്ഷിയാക്കിയായിരുന്നു കേരളം എത്തിപ്പിടിച്ച നേട്ടം ലോകത്തെ അറിയിച്ചത്‌. ലോകത്തെങ്ങുമുള്ള ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം.

പതിവുപോലെ, പ്രഖ്യാപനച്ചടങ്ങ്‌ യുഡിഎഫ്‌ ബഹിഷ്‌കരിച്ചെങ്കിലും രാഷ്‌ട്രീയത്തിനതീതമായി ജനങ്ങൾ ഒഴുകിയെത്തി.


poverty free


എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരമേറ്റ 2021 മെയ്‌ 20ന്‌ തുടങ്ങിയതാണ്‌ അതിദരിദ്രരെ കണ്ടെത്തി അവർക്ക്‌ ജീവിതസ്വപ്‌നങ്ങൾ സമ്മാനിക്കാനുള്ള യാത്ര. ആദ്യ മന്ത്രിസഭായോഗത്തിന്റെ ആദ്യതീരുമാനമായിരുന്നു അത്‌. സർക്കാരിന്റെ പദ്ധതികളും ആനുകൂല്യങ്ങളും കൈയെത്തിപ്പിടിക്കാൻ കഴിയാത്തവിധം നിസ്സഹായരും നിരാലംബരുമായ മനുഷ്യരെ ചേർത്തുപിടിച്ചാണ്‌ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായത്‌.


ചടങ്ങിൽ മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനായി. അതിദാരിദ്ര്യ നിർമാർജന പദ്ധതി റിപ്പോർട്ട് നടൻ മമ്മൂട്ടിക്ക് നൽകി മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. അതിദാരിദ്ര്യനിർമാർജനാന്തര പദ്ധതിരേഖ ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർപേഴ്‌സൺ വി കെ രാമചന്ദ്രന്‌ മുഖ്യമന്ത്രി കൈമാറി.


mammootty
അതിദരിദ്രർ ഇല്ലാത്ത കേരളം പ്രഖ്യാപന ചടങ്ങിൽ പൂവ് നൽകാനെത്തിയ കുട്ടിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മമ്മൂട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം ഫോട്ടോ: ജി പ്രമോദ്


തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതവും തദ്ദേശ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ നന്ദിയും പറഞ്ഞു.


മന്ത്രിമാർ, ജനപ്രതിനിധികൾ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടക്കത്തിൽ തദ്ദേശമന്ത്രിയായിരുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം‍, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സണായി ചുമതലയേറ്റ റസൂൽ പൂക്കുട്ടി, വൈസ്‌ ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ തുടങ്ങിയവർ സദസ്സിലുണ്ടായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home