print edition സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകന് 9 വർഷം കഠിനതടവും പിഴയും

കൊല്ലം
സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന് തടവും പിഴയും. കുളപ്പാടം പുത്തൻകട ജങ്‌ഷൻ ജാബിർ മൻസിലിൽ അനു എന്ന മുഹമ്മദ് അൻവറി (23)നാണ് ഒന്പതുവർഷം കഠിനതടവും 70,000രൂപ പിഴയും. കൊല്ലം അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് അരുൺ എം കുരുവിളയാണ് ശിക്ഷ വിധിച്ചത്.
സിപിഐ എം പ്രവർത്തകരായ നിസാർ, രഞ്ജിത്ത്, സൈഫുദീൻ എന്നിവരെ വാളും കമ്പിവടിയും ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. ഇവരോടുള്ള രാഷ്ട്രീയ വിരോധത്താൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഹമ്മദ് അൻവർ, മുഹമ്മദ് ഫൈസൽ, ഇർഷാദ്, ഷഹീർമുസലിയാർ, മുഹമ്മദ് താഹിർ, ഷാൻ, സലിം അബ്ദുൽ ജലീൽ, ഷാഫി, കിരാർ, ഹുസൈൻ എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. കേസിലെ ഏഴു പ്രതികളെ നേരത്തെ ശിക്ഷിച്ചിരുന്നു. മൂന്നുപേർ ഇപ്പോഴും ഒളിവിലാണ്.
2012 ജനുവരി മൂന്നിന് പുലർച്ചെ രണ്ടിന് കണ്ണനല്ലൂർ കുളപ്പാടം ജങ്‌ഷനു സമീപമായിരുന്നു സംഭവം. പരിക്കേറ്റവരുടെ അവസ്ഥ ഗുരുതരമായതിനാൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് നേരിട്ടെത്തി അവരുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണവേളയിൽ ഒളിവിൽപോയ ഒന്നാം പ്രതി മുഹമ്മദ് അൻവർ സൗദിയിൽ കഴിയുകയായിരുന്നു. നാലുമാസം മുമ്പ് രഹസ്യമായി കാസർകോട് എത്തിയപ്പോഴാണ് പിടിയിലായത്.










0 comments