Deshabhimani

സ്ഥലംമാറ്റങ്ങൾക്ക്‌ പിന്നാലെ ട്രാഫിക്കിൽ രണ്ടുമണിക്കൂർ അധിക ഡ്യൂട്ടിയും; പൊലീസിൽ കടുത്ത അമർഷം

kerala police.jpg
avatar
സ്വന്തം ലേഖകൻ

Published on Oct 07, 2026, 10:51 AM | 1 min read

കോഴിക്കോട്: രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം തുടരുന്നതിനിടെ ട്രാഫിക്കിൽ ജോലിസമയം വർധിപ്പിച്ചതും ഗർഭിണികളെയടക്കം ട്രാഫിക്‌ ഡ്യൂട്ടിക്ക്‌ വിന്യസിക്കുന്നതും പൊലീസിൽ കടുത്ത അമർഷം ഉയർത്തുന്നു. വനിതാ പൊലീസുകാരെയടക്കം രാഷ്‌ട്രീയപ്രേരിതമായി സ്ഥലംമാറ്റൽ ജില്ലയിൽ തകൃതിയായി തുടരുകയാണ്‌. അടുത്തദിവസങ്ങളിലായി ക്രൈം ബ്രാഞ്ചിലും വനിതാ സ്‌റ്റേഷനിലുമായി രണ്ടുപേരെയാണ്‌ ചട്ടങ്ങൾക്ക്‌ വിരുദ്ധമായി സ്ഥലംമാറ്റിയത്‌.


പൊലീസുകാരെ നിർബന്ധിത അവധി നൽകി മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള നടപടികൾക്കിടെയാണ്‌ ട്രാഫിക്‌ ഡ്യൂട്ടി സമയം വർധിപ്പിച്ചത്‌. സിറ്റി ട്രാഫിക്കിൽ പട്രോളിങ് നടത്തുന്ന സെക്ടർ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ഡ്യൂട്ടിയാണ് രണ്ട് മണിക്കൂർ വർധിപ്പിച്ചത്. ആറ് മണിക്കൂറാണ് ട്രാഫിക് പൊലീസുകാരുടെ ജോലിസമയം. എങ്കിലും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ തുടർച്ചയായി 12 മണിക്കൂർ ജോലിയെടുക്കുകയും തൊട്ടടുത്ത ദിവസം അവധി നൽകുകയുമാണ്‌ പതിവ്. എന്നാൽ, അടുത്തദിവസം അവധിയെടുക്കുന്നതിനാൽ രണ്ട് മണിക്കൂർ കൂട്ടി പത്തുവരെ അധികജോലിയെടുക്കണമെന്നാണ്‌ നിർദേശം.


പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന പൊലീസുകാർക്കാണ്‌ സമയം നീട്ടിയത്‌ ഇരുട്ടടിയായത്‌. പലർക്കും വീട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. രാത്രി പത്തിനുശേഷം നഗരത്തിൽനിന്ന്‌ മിക്ക ഭാഗങ്ങളിലേക്കും ബസ് സർവീസുകൾ കുറവായതിനാൽ പലർക്കും സ്വന്തം വാഹനത്തിൽ പേകേണ്ട അവസ്ഥയാണെന്നാണ്‌ പൊലീസുകാർ പറയുന്നു. 10 സെക്ടറുകളാണ് സിറ്റിയിലുള്ളത്. ഓരോസെക്ടറും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനത്തിൽ സഞ്ചരിച്ച് ഗതാഗത പ്രശ്‌നങ്ങളോ അപകടങ്ങളോ ഉണ്ടെങ്കിൽ തത്സമയം ഇടപെടുകയും തുടർനടപടി സ്വീകരിക്കുകയും വേണം. തുടർച്ചയായി പത്ത്‌ മണിക്കൂറോളം ജോലിചെയ്താണ് സെക്ടർ ഡ്യൂട്ടിയിലുള്ളവർ മടങ്ങാറുള്ളത്. ഈ സാഹചര്യത്തിൽ ട്രാഫിക് സെക്ടർ ഡ്യൂട്ടി രണ്ട് മണിക്കൂർ വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസുകാർ പറയുന്നത്.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home