ശസ്ത്രക്രിയകൾ ഫലം കണ്ടില്ല; പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

അപകടത്തില്‍ തകര്‍ന്ന കാര്‍, കെ എം സൂരജ്
കാഞ്ഞങ്ങാട്: പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. പിലിക്കോട് സ്വദേശി കെ എം സൂരജിന്റെ കാലാണ് മുറിച്ചു മാറ്റിയത്. ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിർത്തിയ പൊലീസ് ജീപ്പിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് കയറുകയായിരുന്നു. നേരത്തേ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് രണ്ടാമത്തെ കാലും മുറിച്ചു മാറ്റിയത്.
കാൽ മുറിച്ചുമാറ്റിയ മറ്റൊരു സിവിൽ പൊലീസ് ഓഫീസർ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസിയുവിൽ നിന്ന് മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആസ്പത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ സിവിൽ പൊലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും. ഇക്കഴിഞ്ഞ 18-ന് ദേശീയപാതയിൽ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു കയറി അപകടമുണ്ടായത്.









0 comments