നിപ മരുന്ന്: മന്ത്രി കെ മുരളീധരന്റെ വിവാദ പ്രസ്‌താവന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

കൊച്ചി: നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് നൽകിയെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. ഉത്തരവാദിത്വരഹിതവും പ്രകോപനപരവുമായ പ്രസ്താവനയിലൂടെ പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനവിശ്വാസം തകർക്കാൻ ആരോഗ്യമന്ത്രി ശ്രമിച്ചെന്നാണ് ഹൈക്കോടതിയിലെ അഭിഭാഷക അഞ്ജലി സുനിൽ സെൻട്രൽ പൊലീസിൽ നൽകിയ പരാതിയിലുള്ളത്.
അടിസ്ഥാനമില്ലാത്ത ഗുരുതര ആരോപണമുന്നയിച്ച കെ മുരളീധരനെതിരെ എഫ്‌എഐആർ രജിസ്റ്റർ ചെയ്ത് നിയമാനുസൃത തുടർനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
തിരൂരിലെ ജില്ലാ ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്പോഴായിരുന്നു കെ മുരളീധരന്റെ വിവാദ പ്രസ്‌താവന. നിപ ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രോഗികൾക്ക്, കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് നൽകിയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നായിരുന്നു പ്രസ്‌താവന.
ആരോപണം സ്ഥിരീകരിക്കുന്ന ഔദ്യോഗിക റിപ്പോർട്ടോ പരിശോധനാഫലമോ ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. പൊതുജനാരോഗ്യ വിഷയങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കേണ്ട മന്ത്രിയാണ് നിരുത്തരവാദ പ്രസ്‌താവന നടത്തിയത്. എന്നാൽ റെംഡെസിവിർ മരുന്ന് നൽകിയ അഞ്ച് നിപ രോഗികൾ പൂർണ സുഖം പ്രാപിച്ചെന്നും അതിന്റെ രേഖകളുണ്ടെന്നും മുൻ ആരോഗ്യമന്ത്രി വീണ ജോർജ് പിന്നീട് വ്യക്തമാക്കിയതും പരാതിയിൽ ചൂണ്ടിക്കാട്ടി.








0 comments