കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി: കേന്ദ്രം ഒഴിഞ്ഞു മാറുന്നത് നിർത്തണം- വി ശിവദാസൻ

ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവിയുടെ കാര്യത്തിൽ സാങ്കേതികതകൾ പറഞ്ഞു ഒഴിഞ്ഞു മാറുന്നത് നിർത്തണമെന്ന് ഡോ. വി ശിവദാസൻ. കേരളത്തിലെയും പ്രത്യേകിച്ച് വടക്കൻ മലബാറിലെയും ജനങ്ങൾക്ക് സഹായകരമാവുന്ന തീരുമാനം കൈക്കൊള്ളണം. ഫെഡറലിസത്തിന്റെ സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും വി ശിവദാസൻ രാജ്യസഭയിൽ പറഞ്ഞു.
സംസ്ഥാന സർക്കാരും കേരളത്തിലെ ജനപ്രതിനിധികളും ആവർത്തിച്ച് അഭ്യർഥിച്ചിട്ടും കേരളത്തിലെ കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകാൻ കേന്ദ്രം തുടർച്ചയായി വിസമ്മതിക്കുന്നതിനെ സംബന്ധിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിലാണ് വി ശിവദാസൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
പട്ന പോലുള്ള വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ "വാണിജ്യപരമായ പ്രവർത്തനക്ഷമത" ഒരു പ്രധാന ഘടകമാണെന്ന് പറയുന്ന വ്യോമയാന വകുപ്പ് മന്ത്രി എന്തുകൊണ്ട് കണ്ണൂർ വിമാനത്താവളത്തിൽ അതേ തത്വം പ്രയോഗിക്കുന്നില്ലെന്ന് ശിവദാസൻ ചോദിച്ചു. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ "സ്വാതന്ത്ര്യം" ഉണ്ടെന്ന് അവകാശപ്പെടുമ്പോൾ പോയിന്റ്-ഓഫ്-കോൾ സ്റ്റാറ്റസ് ഇല്ലാതെ വിദേശ വിമാനക്കമ്പനികൾക്ക് അവിടെ ഇറങ്ങാൻ കഴിയില്ല എന്ന വസ്തുത മന്ത്രി സൗകര്യപൂർവം അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.










0 comments