പിഎം ശ്രീ: വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജന്‍ഡ; യുഡിഎഫിന്റേത് വിദ്യാർഥികളോടുള്ള വഞ്ചനയെന്ന് ബിനോയ് വിശ്വം

ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തോടും വിദ്യാർഥികളോടും കാണിക്കുന്ന കൊടിയ വഞ്ചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ കാണിച്ച മലക്കംമറിച്ചിലിലൂടെ മുഖ്യമന്ത്രിയുടെ പൊള്ളയായ അവകാശവാദങ്ങളാണ് തുറന്നുകാട്ടപ്പെട്ടത്.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ആദ്യം നെഹ്റുവിന്റെ പുസ്തകങ്ങൾ എടുത്തു വായിക്കാൻ തയ്യാറാകണം. എന്തിനെയാണോ മുൻപ് എതിർത്തത്, അതിനെത്തന്നെ ഇന്ന് കൂട്ടുപിടിക്കുന്ന മുസ്ലിം ലീഗും എംഎസ്എഫും യൂത്ത് ലീഗും തങ്ങളുടെ പഴയ പ്രസ്താവനകൾ ഒന്ന് എടുത്തു പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.
'എല്ലാറ്റിനേക്കാളും വലുത് വാക്കാണ്' എന്ന് എപ്പോഴും ആവർത്തിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ പിഎം ശ്രീ കാര്യത്തിൽ വാക്കുമാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് ഇതോടെ ജനങ്ങൾക്ക് ബോധ്യമായി. പിഎം ശ്രീയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ്.
കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോൾ കേരളത്തിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഒരു കാലത്ത് ഇതിനെ ശക്തമായി എതിർത്ത ലീഗ് ഉൾപ്പെടെയുള്ളവർ ഇന്ന് കോൺഗ്രസിന്റെ ഈ വഞ്ചനയ്ക്ക് ഒത്താശ പാടുകയും പദ്ധതിയുടെ നടത്തിപ്പുകാരായി മാറുകയും ചെയ്തിരിക്കുകയാണ്. അടിമുടി തെറ്റായ ഈ തീരുമാനത്തിന് കേരളത്തിലെ വിജ്ഞാനപ്രേമികളും വിദ്യാർഥികളും യുഡിഎഫിന് ഒരിക്കലും മാപ്പ് നൽകില്ലെന്നും വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജന്‍ഡ നടപ്പിലാക്കാനുള്ള നീക്കമാണ് പിഎം ശ്രീ പദ്ധതിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.









0 comments