print edition ധനസ്ഥിതിയുടെ വസ്‌തുത ജനസമക്ഷത്തിലേക്ക്


സ്വന്തം ലേഖകൻ
Published on Jul 15, 2026, 12:01 AM | 1 min read
തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതിയുടെ യഥാർഥ ചിത്രം അവതരിപ്പിക്കുന്നതായി പറഞ്ഞ്, വസ്തുതകൾ പറയാതെയും ചിലത് വളച്ചൊടിച്ചുള്ളതുമാണ് സർക്കാറിന്റെ ധവളപത്രമെന്ന് എ കെ ജി പഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ‘വസ്‌തുതകളുടെ ധവളപത്രം’. കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങളെ തമസ്കരിക്കാനും ധനസ്ഥിതി ഗുരുതര പ്രതിസന്ധിയിലാണെന്ന പൊതുനിർമിതി സൃഷ്ടിച്ച് വാഗ്ദാനങ്ങൾ നടപ്പാക്കാതിരിക്കാനും ക്ഷേമാനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനും പൊതുമേഖല വിറ്റഴിച്ച് സ്വകാര്യവൽക്കരണ അജണ്ട നടപ്പാക്കാനുമുള്ള ശ്രമമാണ് സർക്കാരിന്റേത്.
സാമ്പത്തികവിദഗ്‌ധരിൽനിന്ന് പ്രതീക്ഷിക്കുന്ന സത്യസന്ധതയോ കൃത്യമായ വിശകലന ചട്ടക്കൂടോ ഇല്ലാതെ തയ്യാറാക്കിയ സർക്കാരിന്റെ ധവളപത്രത്തിന് കൃത്യമായ രാഷ്‌ട്രീയലക്ഷ്യങ്ങളുണ്ടെന്ന് ‘വസ്‌തുതകളുടെ ധവളപത്രം’ വിശദീകരിക്കുന്നു. സർക്കാറിന്റെ ധവളപത്രം തയ്യാറാക്കാനായി ഉപയോഗിച്ച ആർബിഐ-യുടെ ‘സംസ്ഥാന ധനകാര്യം: ബജറ്റുകളുടെ പഠനം', സിഎജി റിപ്പോർട്ടുകൾ, ആസൂത്രണ ബോർഡിന്റെ വിലയിരുത്തലുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇതും തയ്യാറാക്കിയത്. 10 വർഷത്തെ എൽഡിഎഫ് സര്‍ക്കാരുകളുടെ ഘടനാപരമായ സാമ്പത്തിക പരിമിതികൾ ധൂർത്തിന്റെ ഫലമായി ഉണ്ടായതല്ല. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം വിഹിതം വെട്ടിക്കുറച്ചതും അസന്തുലിതമായ ജിഎസ്ടി സംവിധാനവും തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിച്ച വൻ സാമ്പത്തിക ബാധ്യതകളും കാരണമാണ്. കേന്ദ്രസർക്കാർ സൃഷ്‌ടിച്ച ധനഞെരുക്കത്തെ ധവളപത്രം കാണുന്നില്ല. പത്താം ധനകമീഷൻ അനുവദിച്ച 3.83 ശതമാനമായിരുന്ന കേന്ദ്ര നികുതിവിഹിതം 15ാം ധനകമീഷൻ കാലത്ത് 1.92 ശതമാനമായി കുറഞ്ഞു. ബജറ്റിനു പുറത്തുള്ള വായ്‌പകൾ സംസ്ഥാനത്തിന്റെ വായ്‌പാപരിധിയിൽ പെടുത്തി. ഇതിലൂടെ മാത്രം ഒരുലക്ഷം കോടിയിലേറെ രൂപയാണ് കുറഞ്ഞത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ സംസ്ഥാനത്തിന് ഭീമമായ കുടിശ്ശികയുണ്ട്.
2011 മുതലുള്ള യുഡിഎഫ്, എൽഡിഫ് സർക്കാരുകളുടെ കാലത്തെ സമ്പദ്‌വ്യവസ്ഥയിലേയും സാമ്പത്തിക വളർച്ചയിലേയും വ്യത്യാസം വസ്‌തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ തകർച്ചയിലാണെന്ന വാദവും തിരുത്തുന്നു. നികുതിപിരിവിലെയും തനത്‌വരുമാനത്തിലെ യും മുന്നേറ്റവും അടയാളപ്പെടുത്തുന്നതിലൂടെ സർക്കാരിന്റെ വസ്‌തുതയില്ലാത്ത ധവളപത്രത്തെ തുറന്നുകാട്ടുന്നു.









0 comments