'പിറവത്തെ കോൺഗ്രസിനെ അനൂപ് ജേക്കബിന് അടിയറ വെയ്ക്കുന്നു'; പിറവം നഗരസഭ മുൻ ചെയർമാൻ രാജിവച്ചു

പിറവം : പിറവം നഗരസഭ മുൻ ചെയർമാനും കെപിസിസി മുൻ നിർവാഹക സമിതിയംഗവുമായ സാബു കെ ജേക്കബ് കോൺഗ്രസ് പ്രാഥമികാംഗത്വം രാജിവച്ചു. പിറവത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. അനൂപ് ജേക്കബ് എംഎൽഎക്ക് പിറവത്തെ കോൺഗ്രസിനെ അടിയറവയ്ക്കുന്ന സാഹചര്യത്തിലാണ് രാജിയെന്നും പൊതുരംഗത്ത് സജീവമായി തുടരുമെന്നും സാബു കെ ജേക്കബ് പറഞ്ഞു.
അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ ഹൈജാക്ക് ചെയ്താണ് തന്നെ പാർടിപ്രവർത്തനങ്ങളിൽനിന്നും മാറ്റിനിർത്തിയത്. 2010-ൽ പഞ്ചായത്ത് പ്രസിഡന്റും 2015ൽ പിറവം നഗരസഭയായിൽ ചെയർമാനുമായിരുന്നു. ഈ കാലയളവിൽ എംഎൽഎയായിരുന്ന അനൂപ് ജേക്കബ് ഫണ്ട് അനുവദിക്കാൻപോലും തയ്യാറായില്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കമുള്ള നേതാക്കന്മാരെ അറിയിച്ചെങ്കിലും തന്നോടും പിറവത്തോടും അവഗണന തുടർന്നു. പദ്ധതികൾക്കൊന്നും എംഎൽഎ സഹായങ്ങളും ഫണ്ടുകളും അനുവദിച്ചില്ല. അവഗണന ചോദ്യംചെയ്തത് എംഎൽഎയുടെ വൈരാഗ്യത്തിന് കാരണമായി.
പിറവത്ത് ചില കോൺഗ്രസുകാർ ജേക്കബ് ഗ്രൂപ്പ് നേതാക്കളുടെ ചൊൽപ്പടിക്കാണ് പ്രവർത്തിക്കുന്നത്. ഇൗ സംഘം എംഎൽഎയുടെ നിർദേശപ്രകാരം പാർടി പരിപാടികളിൽനിന്ന് തന്നെ അകറ്റിനിർത്തി. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിനുമുന്നോടിയായി തന്നെ യുഡിഎഫിൽനിന്ന് മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന് എംഎൽഎ കത്ത് നൽകി. ബെന്നി ബഹനാൻ എംപി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രീയനിലപാട് സ്വീകരിച്ച് പൊതുരംഗത്ത് സജീവമാകുമെന്നും പ്രവർത്തകരും നേതാക്കളും തനിക്കൊപ്പം ഉണ്ടാകുമെന്നും സാബു കെ ജേക്കബ് പറഞ്ഞു.











0 comments