ad
Deshabhimani

print edition കടമെടുപ്പ്‌ പരിധിവിടുന്നു; സംസ്ഥാനത്ത്‌ ഗുരുതര സാമ്പത്തിക പ്രതിസന്ധി: പിണറായി വിജയൻ

pinarayi vijayan.jpg
വെബ് ഡെസ്ക്

Published on Aug 23, 2026, 01:30 AM | 2 min read

തൃശൂർ: വരുമാനം വർധിപ്പിക്കാതെ പൂർണമായും കടമെടുപ്പിനെ ആശ്രയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാടുമൂലം സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്നുമാസംകൊണ്ട് ധനസ്ഥിതി മാറ്റി കാണിച്ചുതരാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.


എന്നാൽ, 2026-–27ലെ ആദ്യ ഒമ്പത് മാസത്തേക്ക് കേന്ദ്രം അനുവദിച്ച വായ്പാപരിധി 32,484 കോടി രൂപയാണ്. ഇതിൽ 30,462 കോടി രൂപയും ഇതിനോടകം എടുത്തുകഴിഞ്ഞു. ശരാശരി പ്രതിമാസം 3000 കോടി രൂപയുടെ മുകളിലാണ് കടമെടുക്കുന്നത്. അടുത്ത നാലുമാസത്തേക്ക് അവശേഷിക്കുന്ന വായ്പാപരിധി 2,022 കോടി രൂപ മാത്രമാണ്.

എൽഡിഎഫ് സർക്കാരിനെതിരെ ഉന്നയിച്ച, കടം സംബന്ധിച്ച ദുരാരോപണങ്ങൾ യുഡിഎഫ് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പിൻവലിക്കുമോ. കൃത്യമായ ധനമാനേജ്മെന്റിലൂടെ നികുതി വരുമാനം വർധിപ്പിച്ചും മറ്റുമാണ് എൽഡിഎഫ് സർക്കാർ പത്തുവർഷം മുന്നോട്ടുപോയത്. പക്ഷേ, അക്കാലത്ത് സംസ്ഥാനം നേടിയ സാമ്പത്തിക വളർച്ചയോ വികസനമോ കാണാതെ കടത്തിന്റെ കണക്കുമാത്രം പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു യുഡിഎഫ്.


എൽഡിഎഫ്‌ ഭരണത്തിൽ ക്ഷേമ-വികസന പദ്ധതികളോ ശമ്പളമോ കമ്പോള ഇടപെടലോ ഒന്നും തടസ്സപ്പെട്ടില്ല. അധികാരമൊഴിയുമ്പോൾ 6,000 കോടി ഖജനാവിൽ മിച്ചവുമുണ്ടായിരുന്നു. ആദ്യ മൂന്ന് മാസങ്ങളിൽത്തന്നെ 33,311 കോടി രൂപയുടെ റവന്യൂ വരുമാനം ഖജനാവിലെത്തിയിരുന്നു.


ഇതിൽ 28,060 കോടി രൂപയും നികുതി വരുമാനമാണ്. എൽഡിഎഫ് സർക്കാർ ജിഎസ്ടി വകുപ്പിൽ നടത്തിയ ഘടനാപരമായ മാറ്റങ്ങളും നികുതി ചോർച്ച തടയാൻ ഐടി അധിഷ്ഠിതമായി സ്വീകരിച്ച കർശന നടപടികളുമാണ് ഈ വരുമാന വർധനയ്‌ക്ക്‌ കാരണം. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി വരുമാനം വർധിപ്പിക്കുകയും ചെലവുകൾ നിർവഹിക്കുകയും ചെയ്യുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്നും പിണറായി പറഞ്ഞു.


ഓണവിപണിയിൽ 
വിലക്കയറ്റം അതിരൂക്ഷം


സർക്കാർ ഫലപ്രദമായി ഇടപെടാത്തതിനാൽ ഓണവിപണിയിൽ വിലക്കയറ്റം അതിരൂക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർധിക്കുകയാണ്‌. അരി കിലോയ്‌ക്ക്‌ 15 രൂപയിലേറെയാണ് വർധന. പഴത്തിന്‌ വില 100–- 150 കടക്കുന്ന സ്ഥിതിയാണ്. ​വിപണി ഇടപെടലിൽ എൽഡിഎഫ് സർക്കാരിന് പ്രത്യേക സംവിധാനങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു.


അരിയും പലവ്യഞ്ജനങ്ങളും ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് നേരിട്ട് സംഭരിച്ചാണ് വിലകുറയ്‌ക്കാൻ ഇടപെട്ടത്. ​ഇപ്പോൾ സപ്ലൈകോ, റേഷൻകട എന്നിവ വഴിയുള്ള വിപണി ഇടപെടൽ താളംതെറ്റി. റേഷൻ കടകൾ വഴി മുൻഗണനേതര വിഭാഗങ്ങൾക്ക് നൽകിയിരുന്ന സ്പെഷ്യൽ അരി വില 10.90 രൂപയിൽനിന്ന് 26 ആയി കൂട്ടി. അളവും വെട്ടിക്കുറച്ചു. സ്പെഷ്യൽ അരി പലേടത്തും എത്തിയിട്ടില്ല.


ഹോർട്ടികോർപ് വഴി പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യുന്നത് നിലച്ചു. മുൻഗണനാ വിഭാഗങ്ങൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം താളംതെറ്റി. സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയത് 16.5 ലക്ഷം വീട്ടമ്മമാരെ ബാധിച്ചു. സ്കൂൾ കുട്ടികൾക്ക് നൽകുന്ന സൗജന്യ അരി അഞ്ചുകിലോയിൽനിന്ന് നാലാക്കി കുറച്ചുവെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home