പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ല : മുഖ്യമന്ത്രി

കെ വി സുധീഷ് നഗർ (കോഴിക്കോട്)
രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്‌ക്ക് തെറ്റായ വിവരങ്ങൾ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്‌എഫ്‌ഐ 18-–ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വിദ്യാർഥി റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ആഗോളവൽക്കരണ, ഉദാരവൽക്കരണ,- കാവിവൽക്കരണ നയങ്ങൾ പിന്തുടർന്നല്ല കേരളം മുന്നോട്ടുപോകുന്നത്. കേന്ദ്രത്തിന്റെ പാഠപുസ്‌തക ഭേദഗതി ഞങ്ങൾ അംഗീകരിച്ചില്ല. ഇതിന്റെയെല്ലാം പക തീർക്കുകയാണ് കേന്ദ്രം. വിദ്യാഭ്യാസരംഗമാകെ കാവിവൽക്കരിക്കാനാണ് ശ്രമം. ചരിത്രം വളച്ചൊടിച്ച് പാഠഭാഗമാക്കുന്നു. ഭരണഘടനക്കെതിരെ പരസ്യമായി രംഗത്തുവരുന്നു. ഭരണഘടനയിലെ ആപ്തവാക്യങ്ങൾ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു.
ബിജെപി സാധാരണ രാഷ്‌ട്രീയപാർടിയല്ല. ആർഎസ്എസ് നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ ബാധ്യതപ്പെട്ട പാർടിയാണ്. ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണ്. സയണിസ്റ്റുകളുടെ എല്ലാ ഭീകരവാദത്തിനും ഒപ്പം നിൽക്കുന്നവരാണ് ആർഎസ്എസുകാർ. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും ഫാസിസ്റ്റ് നയമാണ് അവരുടേത്.
ആർഎസ്‌എസിന്റെ വിചാരധാരയിൽ എഴുതിവച്ചിരിക്കുന്ന മൂന്ന് ശത്രുക്കൾ മുസ്ലിങ്ങൾ, ക്രിസ്‌ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരാണ്. ഇത് ഭാരതത്തിന്റെ പൈതൃകങ്ങളിൽനിന്നോ ഇതിഹാസങ്ങളിൽനിന്നോ കിട്ടിയതല്ല. ആ ആശയം ഹിറ്റ്‌ലറുടേതാണെന്നും പിണറായി പറഞ്ഞു. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി അധ്യക്ഷനായി.










0 comments