print edition സർക്കാർ നടപ്പാക്കുന്നത് ആർഎസ്എസ് അജൻഡ: പിണറായി വിജയൻ

കാഞ്ഞങ്ങാട്: സംഘപരിവാർ അജൻഡ നടപ്പാക്കുന്നവരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസിന്റെ കൊലവിളി രാഷ്ട്രീയത്തിനും ക്ഷേത്രക്കൊള്ളയ്‌ക്കുമെതിരെ സിപിഐ എം കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിന് കീഴടങ്ങാത്ത നാടായിരുന്നു കേരളം. യുഡിഎഫ് ഭരണത്തിൽ സ്ഥിതി മാറി. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതോടെ തുടങ്ങി കീഴടങ്ങൽ. ആർഎസ്എസും സംഘപരിവാറുമൊഴികെ രാജ്യത്താരും വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് അംഗീകരിച്ചിട്ടില്ല.
കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം ഉരിയാടാത്ത നയപ്രഖ്യാപന പ്രസംഗം സന്തോഷത്തോടെയാണ് ഗവർണർ വായിച്ചത്. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താമെന്ന് കേന്ദ്രത്തോട് യുഡിഎഫ് സർക്കാർ പറയുകയായിരുന്നു. മുമ്പ് എൽഡിഎഫ് സർക്കാർ അതിനെതിരെ സുപ്രീംകോടതി വരെ പോയതാണ്. അമുസ്ലിങ്ങളെ ഒഴിവാക്കിയാണ് എൽഡിഎഫ് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത്.
പിഎം ശ്രീ പദ്ധതി അംഗീകരിക്കില്ലെന്നാണ് എൽഡിഎഫ് തുടക്കം മുതൽ സ്വീകരിച്ച നിലപാട്. സംസ്ഥാനത്തിന് അർഹതപ്പെട്ട പല ഫണ്ടും പിടിച്ചുവച്ചപ്പോഴാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്. പിഎം ശ്രീയുമായി ഒരുതരത്തിലും മുന്നോട്ടുപോകേണ്ടെന്ന് എൽഡിഎഫ് തീരുമാനിച്ചു. തുടർന്നാണ് ധാരണപത്രത്തിൽനിന്ന് പിന്മാറിയത്. ധാരണപത്രം ഒപ്പിട്ടാൽ പിന്മാറാനാകില്ലെന്നാണ് യുഡിഎഫ് മന്ത്രിമാർ പറഞ്ഞുനടന്നത്. പിൻവാങ്ങുന്നതിന് തടസ്സമില്ലെന്ന് കേന്ദ്രമന്ത്രിതന്നെ വ്യക്തമാക്കിയെന്നും പിണറായി പറഞ്ഞു.










0 comments