വയനാട് പുനരധിവാസം ; കേന്ദ്രത്തിന്റേത് ക്രൂര സമീപനം
print edition ജമാഅത്തെ ഇസ്ലാമി തങ്കക്കുടമായതെങ്ങനെ ; യുഡിഎഫ് പറയണം : മുഖ്യമന്ത്രി

കോഴിക്കോട്
നിയമവിരുദ്ധ മതതീവ്രവാദ സംഘടനയെന്ന് യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ പറഞ്ഞ ജമാഅത്തെ ഇസ്ലാമി തങ്കക്കുടമായി മാറിയതെങ്ങനെയെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരിക്കെ 2014 ജനുവരി 28നാണ് ജമാഅത്തെ ഇസ്ലാമി നിയമവിരുദ്ധപ്രസ്ഥാനമെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്.
നാലുവോട്ടിനുവേണ്ടി യുഡിഎഫ് ആ നിലപാടിൽ വെള്ളം ചേർത്തു. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയവർ ഇനിയെങ്കിലും യുഡിഎഫ് എങ്ങനെയാണ് മാറിയതെന്നും ജമാഅത്തെ ഇസ്ലാമിക്ക് എന്ത് മാറ്റമാണ് സംഭവിച്ചതെന്നും വിശദീകരിക്കണം. ഏത് നിലയിലാണ് അവർ നവീകരിക്കപ്പെട്ടതെന്നും വ്യക്തമാക്കണം.
മുസ്ലിങ്ങളിലെ മഹാഭൂരിപക്ഷത്തിന് യുഡിഎഫിന്റെ യഥാർഥ സ്ഥിതി മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. മുസ്ലിംലീഗും അതിന്റെ പരമോന്നത നേതാക്കളുമാണ് ജമാഅത്തെക്ക് ഗുഡ്‌സർട്ടിഫിക്കറ്റ് നൽകാൻ മുന്നിൽ. യുഡിഎഫിനെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ലീഗിന് കുറച്ചുവോട്ടുമാത്രമാണ് ലക്ഷ്യം. അന്നും ഇന്നും ജമാഅത്തെ ഇസ്ലാമി അവരുടെ വർഗീയപ്രത്യയശാസ്‌ത്രത്തിൽനിന്ന് അണുകിട മാറിയിട്ടില്ല. കറകളഞ്ഞ വർഗീയവാദികളാണവർ എന്നതാണ് എൽഡിഎഫിന്റെ നിലപാട്. ഇടതുപക്ഷവുമായി ബന്ധമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ ദേശാഭിമാനി മുഖപ്രസംഗം സാക്ഷ്യപത്രമായി ജമാഅത്തെക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. എന്നാൽ 1996 ഏപ്രിൽ 22ന് ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണത്. ഇസ്ലാമിക വീക്ഷണത്തിലൂടെ മതത്തിലൂന്നിനിന്ന് മാത്രം വീക്ഷിക്കുകയും നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് മുഖപ്രസംഗത്തിൽ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്.
1992ൽ ജമാഅത്തെ ഇസ്ലാമിയെ കോൺഗ്രസ് സർക്കാർ നിരോധിച്ചതിനാൽ ‘96ൽ പ്രതിഷേധവോട്ടായി മനസ്സില്ലാമനസ്സോടെ ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നു. അന്നുവരെ ഇടതുപക്ഷത്തെ ക്രൂരമായി കടന്നാക്രമിച്ചവരാണവർ. ജമാഅത്തെ ഇസ്ലാമി നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കവെ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. വർഗീയവാദികളാണെന്ന് അറിഞ്ഞാണ് കണ്ടത്. സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസിലായിരുന്നു കൂടിക്കാഴ്‌ച. അതിൽ ഒരു ഗുഡ്‌സർട്ടിഫിക്കറ്റും നൽകിയിട്ടില്ല. മാത്രമല്ല ജമാഅത്തെ നേതാക്കൾക്കൊപ്പമുണ്ടായിരുന്ന സോളിഡാരിറ്റിക്കാർ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധരാണെന്ന് താൻ മുഖത്ത് നോക്കി പറയുകയുമുണ്ടായി. അവർ നാട്ടിലെ എല്ലാ നല്ല കാര്യത്തിനെയും എതിർക്കുന്നവരാണ്. അതിനാലാണ് സാമൂഹ്യവിരുദ്ധരെന്ന് വിളിച്ചത്. ആരും ജമാഅത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ ശ്രമിക്കേണ്ട. അവർ തികഞ്ഞ തീവ്രവാദ വർഗീയപ്രസ്ഥാനമാണെന്ന് യഥാർഥ മതവിശ്വാസികളടക്കം അംഗീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് പുനരധിവാസം ; കേന്ദ്രത്തിന്റേത് ക്രൂര സമീപനം
വയനാട് പുനരധിവാസകാര്യത്തിൽ കേന്ദ്രസർക്കാർ ക്രൂരവും ദയാരഹിതവുമായ സമീപനമാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാതിരിക്കാൻ ദുരന്തനിവാരണനിയമമടക്കം ഭേദഗതി ചെയ്‌ത് പകപോക്കുകയായിരുന്നു കേന്ദ്രം. കടം എഴുതിത്തള്ളുന്നതിൽ ഹൈക്കോടതി കർശനനിർദേശം നൽകിയതാണ്. അപ്പോഴാണ് നിയമം ഭേദഗതി ചെയ്‌തുള്ള കൊടുംചതി. അതിന് മുൻകാലപ്രാബല്യമില്ല. എന്നിട്ടും അനുവദിച്ചില്ല. വയനാട്ടിലേക്ക് 2221 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഒരുവർഷം കഴിഞ്ഞ് തന്നത് 260.56 കോടി മാത്രം. സഹായിക്കാൻ കേന്ദ്രസേന വന്നതിനടക്കം പണംവാങ്ങി. ബിഹാറിൽ പ്രളയസാധ്യതയുണ്ടെന്ന് കണ്ട് മുൻകൂർ സഹായം നൽകിയവരാണ് കേരളത്തോട് നീതികരിക്കാനാകാത്ത അവഗണന കാട്ടിയത്.
വീടുകൾ അടുത്തമാസം പൂർത്തിയാകും
വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്കായി പണികഴിപ്പിക്കുന്ന വീടുകളുടെ നിർമാണം അടുത്തമാസം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയ്‌ക്ക് അടുത്തുള്ള ടൗൺഷിപ്പ് നിർമാണം പുരോഗമിക്കയാണ്. വീട് പണിതു നൽകുമെന്ന കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ പ്രഖ്യാപനം വാഗ്‌ദാനമായി തുടരുകയാണ്. അതിനായി എത്ര പണം അവർ പിരിച്ചുവെന്ന കണക്ക് സർക്കാരിന് അറിയില്ല. പണം കൈമാറി ഡിവൈഎഫ്‌ഐയാണ് ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാട് സ്വീകരിച്ചത്. വീട് നിർമാണപദ്ധതി സർക്കാർ പ്രഖ്യാപിച്ചത് പ്രതിപക്ഷവുമായും ചർച്ചചെയ്‌താണ്. സഹായം നൽകുന്നവരിൽനിന്ന് വാങ്ങുക, സർക്കാർ വീട് നിർമിക്കും എന്നതായിരുന്നു നയം. പിന്നീട് മുസ്ലിംലീഗ് പ്രത്യേകം സ്ഥലമെടുത്ത് വീട് പണിയും എന്ന് പ്രഖ്യാപിച്ചു. ഇത് സർക്കാരിന് ബോധ്യമാകാത്ത നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments