print edition താലൂക്കാശുപത്രികളിൽ പ്രാഥമിക അർബുദചികിത്സ തുടങ്ങും : മുഖ്യമന്ത്രി

കൊച്ചിൻ കാൻസർ ആൻഡ് റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എംആർഐ കൺസോൾ റൂം സന്ദർശിക്കുന്നു. മന്ത്രിമാരായ പി രാജീവ്, വീണാ ജോർജ് തുടങ്ങിയവർ സമീപം
കൊച്ചി
താലൂക്കാശുപത്രികളിൽ സർജറി, ഇഎൻടി, ഗൈനക്കോളജി ഉൾപ്പെടെയുള്ള വിഭാഗങ്ങളെ സംയോജിപ്പിച്ച് പ്രാഥമിക അർബുദചികിത്സയ്‌ക്കുള്ള നടപടി പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗികളെ വിദൂരചികിത്സാ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുന്നത് കുറയ്‌ക്കാനും ചികിത്സയുടെ പ്രാരംഭഘട്ടം തദ്ദേശീയമായി കൈകാര്യം ചെയ്യാനുമാണിത്. കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ അത്യാധുനിക മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് ശ്രദ്ധേയനേട്ടങ്ങൾ സംസ്ഥാനത്തിന് കൈവരിക്കാനായെങ്കിലും വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ജീവിതശൈലീ രോഗങ്ങൾ, പകർച്ചവ്യാധി വ്യാപനം, ജന്തുജന്യ രോഗവർധന എന്നിവയാണവ. ജീവിതശൈലീ രോഗ ഗണത്തിലാണ് അർബുദങ്ങളിലേറെയും. ഇക്കാര്യത്തിൽ നല്ല ഇടപെടൽ വേണം. രോഗപ്രതിരോധത്തിനും നേരത്തേയുള്ള രോഗനിർണയത്തിനുമാണ് സർക്കാർ കൂടുതൽ ഉന്നൽ നൽകുന്നത്. അർബുദനിയന്ത്രണ പ്രവർത്തനങ്ങൾക്ക് ഏകോപനവും ദിശാബോധവും ഉറപ്പാക്കാൻ ക്യാൻസർ കൺട്രോൾ ബോർഡും കേരള ക്യാൻസർ കൺട്രോൾ സ്‌ട്രാറ്റജിയെന്ന നയരേഖയും രൂപീകരിച്ചു.
അർബുദം നേരത്തേ കണ്ടെത്താനും ചികിത്സയ്‌ക്കുമായി ആരോഗ്യം ആനന്ദം– അകറ്റാം അർബുദം പദ്ധതി നടപ്പാക്കി. ജില്ല, ഉപജില്ല സർക്കാർ ആശുപത്രികളിൽ അർബുദനിർണയവും ചികിത്സയും ലഭ്യമാക്കാൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. പ്രധാന മെഡിക്കൽ കോളേജുകളിലും സ്‌പെഷ്യാലിറ്റി സ്ഥാപനങ്ങളിലും അത്യാധുനിക സർജറി, റേഡിയോ തെറാപ്പി, കീമോ തെറാപ്പി സൗകര്യങ്ങൾ മെച്ചപ്പെടുത്തി.
അർബുദത്തെ പ്രതിരോധിക്കാൻ ബഹുജന പിന്തുണയും സഹകരണവും ആവശ്യമാണ്. തെറ്റായ ജീവിതരീതി തിരുത്തണം. മികച്ച ആരോഗ്യപരിപാലനശീലങ്ങൾ പിന്തുടരണം. രോഗപ്രതിരോധം വ്യക്തിപരമായ ഉത്തരവാദിത്വമാകണം. അത്തരം ബോധവൽക്കരണ പ്രവർത്തന വേദിയായും കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments