സവിശേഷ കാര്‍ണിവലിന് സമാപനം
print edition ഭിന്നശേഷിയെന്നത് കുറവല്ല, വ്യത്യസ്തശേഷി : മുഖ്യമന്ത്രി

സവിശേഷ കാർണിവൽ സമാപനസമ്മേളം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ടാഗോർ തിയറ്ററിൽ എത്തിയപ്പോൾ / ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം
ഭിന്നശേഷിയെന്നത് കുറവല്ല, വ്യത്യസ്തമായ ശേഷിയാണെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷിക്കാരായ മക്കളെ വീടിനുള്ളില്‍ തളച്ചിടരുത്. ലോകം അവരുടേതാണെന്ന ബോധ്യം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുണ്ടാകണം– മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യനീതിവകുപ്പ് ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച സവിശേഷ കാര്‍ണിവല്‍ ഓഫ് ഡിഫറന്റ് സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിസൗഹൃദ കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ പുതിയ കാല്‍വയ്പാണ് കാര്‍ണിവലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന് തുല്യതാബോധം ഉള്ളതിനാലാണ് ഭിന്നശേഷി ക്ഷേമത്തിൽനിന്ന് ഭിന്നശേഷി അവകാശത്തിലേക്ക് നാം ചുവടുമാറ്റിയത്. തങ്ങൾക്ക് കഴിയാത്തത് ഒന്നുമില്ലെന്ന ഭിന്നശേഷിസമൂഹത്തിന്റെ ഉറച്ച പ്രഖ്യാപനമാണ് ‘സവിശേഷ'യെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയായി. ഡി കെ മുരളി എംഎൽഎ, സാമൂഹ്യനീതി സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, അഡീഷണൽ ഡയറക്ടർ എസ് ജലജ, ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ എം വി ജയ ഡാളി, സംസ്ഥാന ഭിന്നശേഷി കമീഷണർ പി ടി ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
കാർണിവലിന്റെ ഭാഗമായി നടന്ന സാഹിത്യമത്സര ജേതാക്കൾക്കുള്ള പുരസ്കാരവും ഇൻക്ലുസീവ് സ്പോർട്സ് മത്സരവിജയികൾക്കുള്ള ട്രോഫിയും മന്ത്രി സമ്മാനിച്ചു.










0 comments