എഫ്സിആർഎ: രാജ്യം ജനങ്ങളെ വിശ്വാസത്തിലെടുക്കണം; ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രം വേട്ടയാടുന്നു - മുഖ്യമന്ത്രി

ഫയൽ ചിത്രം
കോഴിക്കോട്: ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്ന എഫ്സിആർഎ ബില്ലിനെതിരെയാണ് കേരളമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രാജ്യം ആ രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കണമെന്നും ജനങ്ങളിൽ ഒരു വിഭാഗത്തെ മാത്രം സംശയത്തോടെ വീക്ഷിക്കുന്ന നില ഒരുതരത്തിലും ഗുണം ചെയ്യുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇപ്പോൾ സ്വീകരിച്ചുവരുന്ന നിലപാട് ഒരുവിഭാഗം ജനങ്ങളിൽ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതൊരു പ്രത്യേക ഘട്ടത്തിൽ മാത്രം ഉണ്ടായതല്ല, മറിച്ച് കുറെ നാളുകളായി ഇത് തുടരുകയാണ്. ഈ ആശങ്ക ലഘൂകരിക്കത്തക്ക നിലപാടുകളല്ല കേന്ദ്രത്തിൽ നിന്ന് വന്നിട്ടുള്ളത്. പകരം ആശങ്ക വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ മാത്രമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടുള്ളത്. അതിൽ ഏറ്റവും കടുത്തതാണ് ഈ പറഞ്ഞ എഫ്സിആർഎ. ഇത് ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് എന്നതാണ് പൊതുവേ ആളുകൾ കാണുന്നത്. അതിനെ ആ നിലയ്ക്ക് തന്നെയാണ് സംസ്ഥാന സർക്കാരും കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയോട് അടിയന്തരമായി ഇത് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടത്.
നമ്മുടെ നാട്ടിൽ നല്ല നിലയ്ക്ക് പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ആ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് അവർ ഉണ്ടാക്കുന്ന ലാഭത്തെ കൊണ്ട് മാത്രമല്ല. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ സഹായം പലവഴിക്കും അവർക്ക് ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ സ്വന്തം ആളുകൾ തന്നെ പലസ്ഥലത്ത് ജോലി ചെയ്ത് നൽകുന്ന സംഭാവനകളും ഉണ്ട്. ഇതിനെല്ലാം വല്ലാത്തൊരു ചിത്രം ചാർത്തി അതിനെ തകർക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കണക്ക് കൊടുക്കാൻ വൈകിപ്പോയാൽ ഒരു സ്ഥാപനം അടച്ചു പൂട്ടുകയും അത് സർക്കാരിന്റെ നിയന്ത്രണത്തിലേക്കാക്കുകയും ചെയ്യുന്നത് എന്തൊരു നീതിയാണെന്നും ആ നീതികേടാണ് ഇവിടെ നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നമ്മുടെ രാജ്യത്തെ ക്രൈസ്തവ വിഭാഗക്കാർ പലരും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ഞങ്ങളും സംസ്ഥാന സർക്കാർ എന്ന നിലയ്ക്ക് ഇക്കാര്യത്തിലുള്ള വികാരമറിയിച്ചിട്ടുണ്ട്, പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എഫ്സിആർഎ അടിയന്തരമായി പിൻവലിക്കണമെന്ന് തന്നെയാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഏതായാലും നമ്മുടെ നാടിന് അപകടം ഉണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾ ഗുണകരമായിട്ടുള്ളതല്ല.
ഇവിടെ ഇത് നടപ്പാക്കുന്നത് ബിജെപി സർക്കാരാണ്. ബിജെപിയുടെ നേതൃത്വം ആർഎസ്എസുകാർക്കാണ്. ആർഎസ്എസ്, രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി കണ്ടതിൽ രണ്ടുപേർ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. ആഭ്യന്തര ശത്രുക്കളെ കൈകാര്യം ചെയ്യുന്ന രീതി രാജ്യത്ത് എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരിടത്ത് അല്ലല്ലോ പലയിടത്തും പ്രശ്നങ്ങൾ നടക്കുന്നുണ്ടല്ലോ എന്നും അതിന് നേതൃത്വം നൽകുന്നത് സംഘപരിവാർ ആണല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളിൽ ഇരയാകുന്നവർക്ക് സംരക്ഷണം നൽകാതെ ആക്രമിക്കുന്നവർക്കാണ് കേന്ദ്രസർക്കാർ സംരക്ഷണം കൊടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments