വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ആർദ്രം മിഷനും മാതൃക
print edition വികസനം തന്നത് തുടർഭരണം , എല്ലാത്തിനും വേഗം നൽകിയത് കിഫ്‌ബി : മുഖ്യമന്ത്രി

തൃശൂർ
നാലു പതിറ്റാണ്ടിലേറെ ചർച്ചയിൽ ഒതുങ്ങിനിന്ന സുവോളിക്കൽ പാർക്കടക്കം ഇന്നു കാണുന്ന വികസനം സാധ്യമാക്കിയത് എൽഡിഎഫ് സർക്കാരിന് ജനങ്ങൾ നൽകിയ തുടർഭരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘വിഭവശേഷി ചെറുതായതിനാൽ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഖജനാവിലെ പണം മാത്രം ഉപയോഗിച്ച് പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനാകില്ല. ഖജനാവിനു പുറത്തുനിന്ന് പണം കണ്ടെത്താനായാണ് കിഫ്‌ബി പുനരുജ്ജീവിപ്പിച്ചത്. അത് കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസന രംഗത്ത് വലിയ തോതിൽ ഗുണമായി. ഒരു ഘട്ടത്തിൽ നല്ല രീതിയിൽ മുന്നോട്ടുപോകുന്ന പ്രവർത്തനം പിന്നെ മന്ദീഭവിച്ചുപോകുന്ന ദുരനുഭവമാണ് നാം കണ്ടിട്ടുള്ളത്. തുടർഭരണമുണ്ടായതോടെ പുത്തൂർ സുവോളജിക്കൽ പാർക്ക് അടക്കമുള്ള നിരവധി പദ്ധതികൾ യാഥാർഥ്യമാക്കാനായി. പുത്തുരിൽ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് എവിടെ തിരിഞ്ഞുനോക്കിയാലും മികച്ച സ്‌കൂൾ, ആശുപത്രി, റോഡ്, ആകാശപാത ഇങ്ങനെ പലരൂപത്തിലും കിഫ്‌ബിയുടെ സാക്ഷ്യപത്രം കാണാനാകും. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 5,600 കോടിരൂപ സംസ്ഥാന സർക്കാർ നൽകിയതും കിഫ്‌ബിയിലൂടെയാണ്.
2021 ൽ കിഫ്‌ബി വഴി 50,000 കോടിരൂപ പശ്ചാത്തല വികസനത്തിനായി ചെലവഴിക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ 62,000 കോടി ചെലവഴിച്ചു. യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച ആയിരത്തോളം സ്‌കൂളുകൾ എൽഡിഎഫ് സർക്കാർ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ആധുനികവൽക്കരിച്ചു. 5,000 കോടിരൂപ സ്‌കൂൾ ശാക്തീകരണത്തിനായി ചെലവിട്ടു. സ്‌മാർട്ട് ക്ലാസ്‌റൂമുകളും ഹൈടെക് സ്‌കൂളുകളും വന്നു. എഐ(നിർമിത ബുദ്ധി)യും റോബോട്ടിക്‌സും വിദ്യാഭ്യാസത്തിന്റെ ഭാഗമായി.
ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സൂപ്പർ സ്‌പെഷ്യാലിറ്റികളാക്കി. മെഡിക്കൽ കോളേജുകൾക്കായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഒരുക്കിയ സൗകര്യങ്ങൾ കോവിഡ് മഹാമാരിക്കാലത്ത് ഗുണമായി. ഇത് ലോകശ്രദ്ധനേടി. കേരളത്തിലെ നവജാതശിശു മരണ നിരക്ക് വികസിതരാജ്യമായ അമേരിക്കയുടേതിലും താഴെ എത്തിക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു.










0 comments