ad
Deshabhimani

ഭരണസുതാര്യതയ്‌ക്ക്‌ സ്ഥിതിവിവരക്കണക്ക്‌ അനിവാര്യം : മുഖ്യമന്ത്രി

pinarayi vijayan
വെബ് ഡെസ്ക്

Published on Aug 26, 2025, 02:00 AM | 1 min read


തിരുവനന്തപുരം

സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന് സർക്കാരിന് സ്ഥിതിവിവര കണക്കുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പീരിയോഡിക് ലേബർ ഫോഴ്‌സ് (പിഎൽഎഫ്എസ്), ആനുവൽ സർവേ ഓഫ് അൺ ഇൻകോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (എഎസ്‌യുഎസ്ഇ) സർവേകളുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


കൃത്യമായ കണക്കുകൾക്ക് ഭരണ സുതാര്യത ഉറപ്പുവരുത്താൻ കഴിയും. ലോകത്ത് പലയിടത്തും ഭരണാധികാരികൾ സ്ഥിതിവിവരക്കണക്കുകളെ ഭയക്കുന്ന സ്ഥിതിയുണ്ട്. തൊഴിൽ മേഖലയിലെ കണക്കുകൾ പുറത്തുവിട്ടതിനെതുടർന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്‌ മേധാവിയെ ട്രംപ് പുറത്താക്കി.


കേരളത്തിലെ സർക്കാരിന്‌ സ്ഥിതിവിവരക്കണക്കിൽ പേടിയില്ല. ജനക്ഷേമ പ്രവർത്തനം ആസ‍ൂത്രണം ചെയ്യാൻ ഡാറ്റ ആവശ്യമാണ്‌ എന്ന്‌ തിരിച്ചറിയുന്ന സർക്കാരാണിത്‌. രാജ്യത്ത് സുസ്ഥിര വികസന സൂചികയിൽ എല്ലാ വർഷവും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലെത്തുന്നത് ശരിയായ സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. ആസൂത്രണ സാമ്പത്തികകാര്യ സ്‌പെഷ്യൽ സെക്രട്ടറി വീണാ മാധവൻ, സംസ്ഥാന ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ, കേരള സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ ചെയർമാൻ പി സി മോഹനൻ, സജി ജോർജ്ജ്, ജി എസ്‌ രജത് എന്നിവർ സംസാരിച്ചു.


​സർവേ രണ്ടു വിധത്തിൽ

സംസ്ഥാന തൊഴിൽമേഖല, മനുഷ്യ വിഭവശേഷി, തൊഴിൽ സേന എന്നിവയുടെ സ്ഥിതിവിവരക്കണക്കുകളാണ്‌ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയിലൂടെ സമാഹരിക്കുക.


അസംഘടിത കാർഷികേതര മേഖലയിലെ ഉൽപ്പാദനം, വ്യാപാരം, നിർമാണ മേഖല ഒഴിച്ചുള്ള സേവന മേഖല എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവർത്തന സവിശേഷതകൾ ശേഖരിക്കുന്ന സർവേയാണ് ആനുവൽ സർവേ ഓഫ് അൺ ഇൻകോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ്. അസംഘടിത സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവർത്തനം, തൊഴിലവസരം, മൂലധന നിക്ഷേപം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയവയുടെ സ്ഥിതിവിവരക്കണക്കാണ് ശേഖരിക്കുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home