‘കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച ചെയ്തത് നാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍; രമേശ് ചെന്നിത്തല ചര്‍ച്ചയെ തെറ്റിദ്ധരിച്ചു’: മുഖ്യമന്ത്രി

തിരുവനനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ ബാധിക്കുന്ന പൊതുവായ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും തീർത്തും സൗഹൃദപരമായ സന്ദർശനമായിരുന്നു എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മനുഷ്യരുടെ ഏറ്റവും പ്രധാനമായ കാര്യം ജീവിക്കാനുള്ള അവകാശമാണ്. ഇവിടെ ജീവിക്കാൻ അവകാശമില്ലാത്തത് ഫാസിസത്തിന്റെ കാലത്തായിരുന്നു. ജീവിക്കാൻ അവകാശമില്ലാത്ത കാലം ഇന്ത്യയിൽ ഉണ്ടായത് അടിയന്തരാവസ്ഥയുടെ കാലത്താണെന്നും മുഖ്യമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായി നിയമസഭയിൽ പറഞ്ഞു.
അന്ന് സിപിഐഎം പറഞ്ഞത് അമിതാധികാര വാഴ്ചയുടെ കാലം എന്നാണ്. സിപിഐഎം വാക്കുകൾ ശരിയായ അർത്ഥത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഈ കാലത്തെയും സിപിഐഎം വ്യക്തമായി വിലയിരുത്തിയിട്ടുണ്ട്. ‘ഫാസിസ്റ്റ് പ്രവണതകൾ ഉള്ള ആർഎസ്എസ് അജണ്ടയുള്ള ബിജെപി ഗവൺമെന്റ്’ എന്നത് കൃത്യമായ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മല സീതാരാമനെ കണ്ടതിൽ എന്തോ വലിയ കാര്യമുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. തനിക്ക് പാർട്ടി മീറ്റിംഗ് ഉണ്ടായിരുന്നു. എംപിമാർക്ക് അത്താഴ വിരുന്ന് കൊടുക്കുന്നു എന്ന് ഗവർണർ പറഞ്ഞിരുന്നു. താനില്ല എന്ന് അപ്പോൾ തന്നെ പറഞ്ഞു. ഗവർണർ പോയത് താൻ സഞ്ചരിച്ച അതേ വിമാനത്തിൽ ആണ്. അടുത്തടുത്ത സീറ്റിൽ ആണ് ഇരുന്നത്. പരിപാടിയിൽ പങ്കെടുക്കണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു, താൻ സ്വീകരിച്ചു. എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ടെന്നും ഗവർണർക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മലാ സീതാരാമന് അവരുടെ രാഷ്ട്രീയമുണ്ട്. നാടിനെതിരായ കാര്യങ്ങളല്ല, നാടിനെ ബാധിക്കുന്ന പൊതുവായ പ്രശ്‌നങ്ങളാണ് ചർച്ച ചെയ്തതെന്നും തീർത്തും സൗഹൃദപരമായ സന്ദർശനമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments