വീടുവയ്ക്കാനുള്ള ഭൂമി തരംമാറ്റം ; തീരുമാനം വേഗത്തിലാക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം
സംസ്ഥാനത്ത് വീട് വയ്‌ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നഗരപരിധിയിൽ അഞ്ചു സെന്റിലും ഗ്രാമങ്ങളിൽ 10 സെന്റിലും വീട് വയ്‌ക്കുന്നതിന് അപേക്ഷ നൽകിയാൽ ആവശ്യമായ പരിശോധന വേഗത്തിൽ പൂർത്തിയാക്കി അനുവാദം നൽകണം. നെൽവയൽ നിയമം വരുന്നതിനുമുമ്പ് പുരയിടമായി പരിവർത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാൽ വേഗത്തിൽ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളിൽ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാകണമെന്നും കലക്ടർമാരുടെയും വകുപ്പു മേധാവികളുടെയും വാർഷിക സമ്മേളനത്തിന്റെ സമാപനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാതലത്തിൽ കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കണം. സംസ്ഥാനത്ത് ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ സമാഹരിച്ച് തദ്ദേശസെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണം. വിവിധ നിർമാണ പദ്ധതികൾ, റോഡ്, റെയിൽവേ ഭൂമി ഏറ്റെടുക്കൽ എന്നിവ വേഗത്തിലാക്കണം. സർവെയർ ക്ഷാമത്തിന് പരിഹാരം കാണാൻ ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം. ദേശീയപാതാ വികസനത്തിന് തടസ്സങ്ങളുണ്ടാകാതെ നടപടികൾ വേഗത്തിലാക്കണം.
കലക്ടറേറ്റുകളിലെ ഫയൽ തീർപ്പാക്കലിന് സമയപരിധി നിശ്ചയിക്കണം. ആവശ്യമെങ്കിൽ പ്രത്യേക അദാലത്ത് നടത്തണം. പ്രധാന മാർക്കറ്റുകളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കണം.
റോഡപകടങ്ങൾ തടയുന്നതിന് മോട്ടോർ വാഹന വകുപ്പും പൊലീസും കലക്ടർമാരും ചേർന്ന് നടപടി സ്വീകരിക്കണം. സർക്കാർ ഓഫീസുകൾ സൗരോർജത്തിലേക്ക് മാറ്റണം. ജില്ലയിലെ ഒരു പഞ്ചായത്ത് പൂർണമായും സൗരോർജത്തിലേക്ക് മാറ്റി മാതൃകാ പഞ്ചായത്താക്കണം. വയനാട് ദുരന്തബാധിതർക്ക് നിർമിക്കുന്ന വീടുകളിൽ പുരപ്പുറ സൗരോർജ സംവിധാനം സിയാൽ സ്ഥാപിക്കും.
പഞ്ചായത്തുകളിൽ മത്സ്യകൃഷി നല്ല രീതിയിൽ തുടരുകയും വിപുലമാക്കുകയും വേണം. അന്താരാഷ്ട്ര തലത്തിൽ സാൽമൺ മത്സ്യകൃഷി ചെയ്യുന്ന ഏജൻസികളുമായി സഹകരിച്ച് ഡാമുകളിൽ ഉൾപ്പെടെ വളർത്താൻ പദ്ധതിയുണ്ടാക്കണം. ജലസ്രോതസ്സുകളിൽ നിറഞ്ഞ ചെളിയും പാറയും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാകണം. സർക്കാർ ഓഫീസുകൾക്കുനേരെയുള്ള അക്രമണവും ജീവനക്കാരെ അപകടപ്പെടുത്തുന്നതും ഗുരുതര വിഷയമാണ്. ഇതിൽ ശക്തമായ നടപടി തുടർന്നും സ്വീകരിക്കുമെന്നും മുഖ്യമന്തി പറഞ്ഞു.










0 comments