കോലീബി... നടുവിൽ തന്നെയുണ്ട് ലീഗ്


റഷീദ് ആനപ്പുറം
Published on Aug 01, 2026, 05:03 PM | 3 min read
തിരുവനന്തപുരം : ആർഎസ്‌എസ് വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീക്ക് പച്ചക്കൊടി കാട്ടിയ മുസ്ലിംലീഗ് സമുദായത്തിൽ ഒറ്റപ്പെടുന്നു. ഇതുവരെ പറഞ്ഞതെല്ലാം എട്ടുനിലയിൽ പൊട്ടിയതോടെ ആർഎസ്‌എസിന് സമുദായത്തെ ഒറ്റുകൊടുക്കുകയായിരുന്നു ലീഗ് എന്ന വികാരമാണ് സമസ്‌ത ഉൾപ്പെടെ വിവിധ മുസ്ലിംസംഘടനകൾക്ക്. തങ്ങളുടെ പ്രതിഷേധം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ നേരിട്ടറിയിക്കാനൊരുങ്ങുകയാണ് സംഘടനാ ഭാരവാഹികൾ. അധികാരത്തിനുവേണ്ടി ആര്‍ക്കൊപ്പവും നില്‍ക്കുമെന്ന ലീഗിന്റെ നയമാണ് ആര്‍എസ്എസിനും വി ഡി സതീശനുമൊപ്പം നില്‍ക്കുന്നതിലൂടെ ഇവിടെയും വ്യക്തമാകുന്നത്.
എൽഡിഎഫ് സർക്കാർ ധാരണാപത്രം ഒപ്പിട്ടതിനാൽ അതിൽനിന്ന് പിന്മാറാനാകില്ലെന്നായിരുന്നു ഇതുവരെ ലീഗ് എല്ലാവരേയും പറഞ്ഞു പറ്റിച്ചത്. എന്നാൽ കരാറിൽനിന്ന് പിന്മാറാമെന്ന് ലീഗ് രാജ്യസഭാംഗം വി പി അബ്‌ദുൾ വഹാബിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചതോടെ ആ കള്ളം പൊളിഞ്ഞു. ഇതോടെ വെട്ടിലായ ലീഗ്, പിഎം ശ്രീ ചർച്ചയേ ചെയ്‌തിട്ടില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കി. പിന്നാലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മലക്കം മറിഞ്ഞു. പിഎം ശ്രീ യുഡിഎഫ് ചർച്ചചെയ്‌തുവെന്നും നടപ്പാക്കാനാണ് തീരുമാനമെന്നുമായിരുന്നു കൺവീനർ വ്യാഴാഴ്‌ച പറഞ്ഞത്. വഖഫ് വിഷയത്തിലും ആർഎസ്‌എസ് അജണ്ടക്ക് കൂട്ടുനിന്ന ലീഗ് എല്ലാം എൽഡിഎഫ് സർക്കാരിൽ ചാരി രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്. എന്നാൽ അതും പൊളിഞ്ഞു. വല്ലാത്താരു കുരുക്കിലാണിപ്പോൾ ലീഗ് പെട്ടത്.
യുഡിഎഫ് സർക്കാർ രണ്ടുമാസത്തിനിടെ കൈകൊണ്ട എല്ലാ സുപ്രധാന നടപടികളും ആർഎസ്‌എസ് അജണ്ടയുടെ ഭാഗമായുള്ളവയാണ്. പിഎം ശ്രീ നടപ്പാക്കാൻ ആദ്യമന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനിച്ചിരുന്നു. ഇത് വിവാദമായതോടെ മന്ത്രിതല ഉപസമിതിയെ വച്ചു. ആ റിപ്പോർട്ട് കിട്ടുന്നതിനുമുമ്പാണ് വ്യാഴാഴ്‌ച നടന്ന യുഡിഎഫ് യോഗം പിഎം ശ്രീ നടപ്പാക്കാൻ തീരുമാനിച്ചത്. പിഎം ശ്രീക്ക് പിന്നാലെ വഖഫ് ബോർഡ് നിയമഭേദഗതിക്കും യുഡിഎഫ് സർക്കാർ പച്ചക്കൊടി കാട്ടി. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ ഹർജിയിൽ ആ നയം കർശനമായി നടപ്പാക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിക്ക് ഉറപ്പു നൽകിയത്. തൊട്ടുപിന്നാലെ സുപ്രിംകോടതിയിലും കേരളം ആർഎസ്‌എസ് അനുകൂല നിലപാട് പ്രഖ്യാപിച്ചു. നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് സർക്കാർ, യുഡിഎഫിലെ മുഖ്യ ഘടക കക്ഷി ലീഗ് തുടങ്ങിയവർ നൽകിയ ഹർജി സുപ്രീംകോടതിയിൽ നിലനിൽക്കെയാണ് ഭേദഗതിയെ സംസ്ഥാനം പിന്തുണച്ചത്. നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് കാട്ടി കഴിഞ്ഞ എൽഡിഎഫ് സർക്കാരും സുപ്രീംകോടതിയിൽ ഇന്റർവൻഷൻ ഹർജി നൽകിയിരുന്നു. എന്നാൽ പുതിയ സർക്കാരിന്റെ നിലപാട് ഇൗ ഹർജികളെ ദോഷകരമായി ബാധിക്കും. ലീഗിന്റെ അറിവോടെ, ലീഗുകാരനായ വഖഫ് മന്ത്രിക്കു കീഴിലുള്ള റവന്യൂ എഫ് വകുപ്പാണ് ആർഎസ്‌എസ് അനുകൂല റിപ്പോർട്ട് തയ്യാറാക്കിയത്. അവ കോടതിയിൽ നൽകിയതാകട്ടെ, ലീഗ് നിയമിച്ച സ്‌പെഷ്യൽ ഗവ. പ്ലീഡറും. അപ്പോൾ ലീഗിന്റെ പൂർണമായ അറിവോടെയാണ് വഖഫിൽ ആർഎസ്‌എസ് അജണ്ട നടപ്പാക്കുന്നത്.
സംഘപരിവാറിനു മുമ്പിൽ കുമ്പിട്ട് നമസ്‌കരിച്ചാണ് യുഡിഎഫ് സർക്കാരിന്റെ തുടക്കംതന്നെ. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. കോൺഗ്രസ് അടക്കം തിരസ്‌കരിച്ചതാണ് വന്ദേമാതരത്തിലെ നാലു ഖണ്ഡികകൾ. എന്നിട്ടും സർക്കാരിന്റെ മൗനാനുവാദത്തോടെ അവ ആലപിച്ചു. വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തുന്നത് ബഹുസ്വരതയ്ക്ക് എതിരായിരുന്നു. ഇത് വിവാദമായതോടെ താനൊന്നും അറിഞ്ഞില്ലെന്നായി മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം. എന്നാൽ തെറ്റായ ആ നടപടിക്കെതിരെ ലോക്‌ഭവന് ഒരു കത്തയക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. മാത്രമല്ല, ചടങ്ങുമായി ബന്ധപ്പെട്ട എല്ലാ കാര്യവും പൊതുഭരണ വകുപ്പ് നിയുക്ത മുഖ്യമന്ത്രി എന്ന നിലയിൽ വി ഡി സതീശനെ അറിയിക്കും. ഇത് യാദൃശ്‌ചികമായി സംഭവിച്ചതല്ല. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫ് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായിരുന്നു എല്ലാം. തുടർന്ന് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലും നിയമസഭയുടെ ചരിത്രത്തിലാദ്യമായി വന്ദേമാതരം ആലപിച്ചു. തുടർന്ന് സതീശൻ സർക്കാരിന്റെ കാവിതേരോട്ടമാണ് കേരളം കണ്ടത്. യുഡിഎഫിന് വോട്ടുചെയ്‌ത ജനങ്ങളടക്കം തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ.
ആർഎസ്‌എസ് അജണ്ട നടപ്പാക്കാൻ ഗവർണർക്ക് നിയമപരമായ സഹായം നൽകിയ ജാജു ബാബുവിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചു. വിദ്യാഭ്യാസ മേഖലയിൽ ആർഎസ്‌എസ് അജണ്ട നടപ്പാക്കുന്ന പിഎം ശ്രീ പദ്ധതിക്ക് പച്ചക്കൊടി കാട്ടി. എം ജി യൂണിവേഴ്‌സിറ്റിയിൽ ആർഎസ്‌എസുകാരനായ ഡോ. മാവൂദിനെ ഗവർണർ താൽക്കാലിക വിസിയാക്കിയപ്പോൾ കുടപിടിച്ചു. തൊട്ടു പിന്നാലെ സെനറ്റിൽ 19 സംഘികളെയും ഗവർണർ നിയമിച്ചു. ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ മൂന്ന് വിസിമാർ പങ്കെടുത്തിട്ടും കണ്ണുരുട്ടാൻ പോലുമാകാതെ നിർവികാരതയോടെ നിന്നു സർക്കാർ. ഇതിനെല്ലാം പിന്നാലെ കേരള കാർഷിക സർവകലാശാലയിലും ആർഎസ്‌എസ് ബന്ധമുള്ളയാളെ വിസിയാക്കി. ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാരില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗവർണർ കൂടുതൽ വീറോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണം നടപ്പാക്കിയത്. പിന്നാലെ ഗവ. പ്ലീഡറായി ആർഎസ്‌എസുകാരനെ നിയമിച്ചുവെന്ന് കെഎസ്‌യു പരസ്യമായി വിമർശിച്ചു.
കടലിൽ മുസല്ലയിട്ട് നിസ്‌ക്കരിച്ചാലും ആർഎസ്‌എസുമായി കൂട്ടുകൂടില്ലെന്ന് പറഞ്ഞ സിഎച്ച് മുഹമ്മദ് കോയയുടെ അനുയായികൾ ഇന്ന് ആർഎസ്‌എസിനു മുമ്പിൽ കുമ്പിടുകയാണ്. വി ഡി സതീശന്റെ കാവിനയങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാൻ ലീഗിന് ത്രാണിയില്ല. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വലിയ തർക്കമുണ്ടായപ്പോൾ സതീശന് തുണയായത് ലീഗിന്റെ പിന്തുണയാണ്. എന്നിട്ടും ലീഗ് സതീശന്റെ അജണ്ടകൾക്ക് കൂട്ടുനിൽക്കുന്നതെന്തിനെന്ന ചോദ്യമാണ് അണികളുയർത്തുന്നത്. ഇതിന് ലീഗ് നേതൃത്വം മറുപടി പറയേണ്ടിവരും.










0 comments