കോട്ടയത്ത് മഴക്കെടുതി രൂക്ഷം; റോഡുകൾ വെള്ളത്തിൽ മുങ്ങി, തൊഴുത്തിൽ വെള്ളം കയറി 14 പശുക്കൾ ചത്തു

കോട്ടയം : കനത്ത മഴയെത്തുടർന്ന് കോട്ടയത്ത് വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. കിഴക്കൻ മലകളിലെ ഉരുൾപൊട്ടലും ശക്തമായ മഴയും മൂലമുണ്ടായ മഴവെള്ളപ്പാച്ചിലിൽ മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ നഗരം വെള്ളത്തിൽ മുങ്ങി. ശനി പുലർച്ചെയാണ് പൂഞ്ഞാർ, പയ്യാനിത്തോട്ടം എന്നിവിടങ്ങളിൽ ഉരുൾപൊട്ടലും കനത്ത മണ്ണിടിച്ചിലും ഉണ്ടായത്. മഴ ശമിക്കാതെ തുടർന്നതോടെ പൂഞ്ഞാർ തെക്കേക്കര, കടനാട് കാവുങ്കണ്ടം നീലൂർ മല, എന്നിവിടങ്ങളിൽ ശനി പകലും ഉരുൾപൊട്ടലുണ്ടായി.
കോട്ടയം തലനാട്ടിൽ തൊഴുത്തിൽ വെള്ളം കയറി പശുക്കൾ ചത്തു. മേസ്തിരിപ്പടി സ്വദേശി അനിലിന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളാണ് ചത്തത്. രാത്രി പെയ്ത കനത്ത മഴയിൽ മീനച്ചിലാർ കര കവിഞ്ഞതോടെയാണ് പ്രദേശങ്ങളിലേക്ക് വെള്ളം കയറിയത്. പൊടുന്നനെയെത്തിയ വെള്ളത്തിൽ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കൾ മുങ്ങിപ്പോവുകയായിരുന്നു. പശുക്കളെ അഴിച്ചു മാറ്റുന്നതിനു മുമ്പുതന്നെ വെള്ളം തൊഴുത്തിൽ നിറയുകയായിരുന്നു.
പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് അമ്മയും മകനും മരിച്ചു. പയ്യാത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. സംഭവ സമയം ജോണി സ്ഥലത്തുണ്ടായിരുന്നില്ല. ദുരന്തത്തിൽ ഭാര്യയും മകനും മരിച്ചതറിഞ്ഞ് കുഴഞ്ഞുവീണ ജോണിയെ പാല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധി റോഡുകളും കൃഷിയിടങ്ങളും തകർന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. വാഗമൺ റോഡിൽ വലിയ പാറകൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായതോടെ പാലാ വഴിയുള്ള വാഹനഗതാഗതം നിലച്ചു. പാലാ ടൗൺ, പാലാ- രാമപുരം റോഡ്, പാലാ - ഈരാറ്റുപേട്ട റോഡ്, പാലാ പൊൻകുന്നം റോഡ്, മീനച്ചിൽ, പാലാ കോട്ടയം റോഡ്, മുൻസിപ്പൽ ബസ്റ്റാൻഡ്, പാലാ സ്റ്റേഡിയം കുരിശുവള്ളി ജംഗ്ഷൻ, പാലാ ടൗൺ തോമസ് സ്കൂൾ, ബിഷപ്പ് ഹൗസ്, കൊട്ടാരമറ്റം ഭാഗങ്ങളും വെള്ളത്തിനടിയിലായി.
പാലാ വൈക്കം റോഡ്, മരിയൻ ജംഗ്ഷൻ, ആണ്ടൂർ കവല, എന്നിവിടങ്ങളും പാലാ കൊടുങ്ങൂർ റോഡിൽ മുത്തോലിക്കാവില മുതൽ പാലം ജംഗ്ഷൻ വരെയും വെള്ളത്തിനടിയിലാണ്. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലും മീനച്ചിലാർ കരകവിഞ്ഞതോടെ ഇടത്തോടുകളിലും വെള്ളം നിറഞ്ഞ് ഉൾപ്രദേശങ്ങളും വെള്ളത്തിനടിയിലായി. മഴ കനത്തതോടെ തോടുകളെല്ലാം കരകവിഞ്ഞ് വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടത്തും വീടുകളിൽ വെള്ളം കയറി. ഇരുപതോളം കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പിൽ ഇതുവരെ 20 പേരെ എത്തിച്ചു. ഉച്ചമുതൽ പാലാ നഗരത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
മീനച്ചിൽ താലൂക്കിൽ മഴ വീണ്ടും ശക്തിപ്പെട്ടതോടെ ജലനിരപ്പ് ഉയർന്നു. പനയക്കപ്പാലത്ത് വെള്ളക്കെട്ടിലൂടെ കടക്കാൻ ശ്രമിച്ച വാഹനങ്ങൾ തകരാറിലായി. മൂന്നാനിയിലും അമ്പാറയിലും ജലനിരപ്പ് താഴ്ന്നെങ്കിലും വാഹന ഗതാഗതം തടസപ്പെട്ടു. മീനച്ചിൽ താലൂക്കിൽ ഒൻപത് വില്ലേജുകളിലായി 397 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. പുലിയന്നൂർ, തലനാട്, പൂവരണി, ളാലം, മീനച്ചിൽ, ഭരണങ്ങാനം, കൊണ്ടൂർ, തീക്കോയി, പൂഞ്ഞാർ നടുഭാഗം എന്നീ വില്ലേജുകളിലാണ് ക്യാമ്പുകൾ തുറന്നത്.
കനത്ത മഴയെ തുടർന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരുമാപ്രയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഇരുമാപ്ര സെന്റ് പീറ്റേഴ്സ‌് സിഎസ്ഐ പള്ളിക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ പഞ്ചായത്ത് റോഡിന്റെ ഒരു ഭാഗം തകർന്നതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഉരുൾപൊട്ടലിൽ കണ്ണംകുളം ബിനോയിയുടെ വീട് ഭാഗികമായി തകർന്നു. ഇരുമാപ്രയിലെ വിവിധ ഭാഗങ്ങളിൽ പിഡബ്ല്യുഡി റോഡിലേക്ക് മണ്ണും കല്ലും മരങ്ങളും ഇടിഞ്ഞുവീണതിനെ തുടർന്ന് പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ടായി.
തീക്കോയി പഞ്ചായത്തിലെ 30 ഏക്കറിൽ ഉരുൾപൊട്ടലിൽ വ്യാപക നാശമുണ്ടായി. നാല് വീടുകൾ തകർന്നു. രാത്രി കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ മാറിയതിനാൽ ആളുകൾ രക്ഷപ്പെട്ടു. ചെളിയിൽ പുതഞ്ഞു പോയ രണ്ടുപേരെ രക്ഷപ്പെടുത്തി. വലിയ കല്ലുകളും മരക്കൊമ്പുകളും പതിച്ച് വീടുകൾ പൂർണമായി തകർന്നു. കാലിനു പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. തീക്കോയി മുപ്പതേക്കർ ഭാഗത്തെ ഉരുൾ പൊട്ടലിൽ മംഗളഗിരി -മാർമല റോഡിലെ കലുങ്ക് തകർന്ന് റോഡ് മുറിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തീക്കോയി ഇല്ലിക്കുന്ന് തൂക്കുപാലം തകർന്നു.










0 comments