ദേവു ഹാപ്പിയാണ്, അവൾക്കിനി തിരക്കിട്ട് സ്കൂളിലേയ്ക്ക് ഓടേണ്ട; പെരുമ്പളത്തെ ഒരു കുഞ്ഞു കഥയിങ്ങനെ..

തിരുവനന്തപുരം: എന്നും അതിരാവിലെ ഉണർന്ന് ഉറക്കച്ചടവോടെ സ്കൂളിലേയ്ക്ക് പോകുന്ന ദേവൂട്ടിക്ക് ഇനി സന്തോഷത്തിന്റെ നാളുകളാണ്. ഇനിയങ്ങോട്ട് നേരത്തേ ഉണരേണ്ട, പാതി ഉറക്കത്തിൽ യൂണിഫോം എടുത്ത് ഇടേണ്ട, അതൊന്നും പോരാഞ്ഞിട്ട് കഴിച്ച ഭക്ഷണം പാതിയാക്കി ഓടുകയും വേണ്ട. സ്കൂൾ ബസിന്റെ സമയത്ത് ബോട്ട് കിട്ടിയില്ലേൽ വേറേ വണ്ടി വിളിച്ചു വേണമായിരുന്നു സ്കൂളിൽ എത്താൻ. വീട്ടിൽ നിന്നും ബോട്ടിലേയ്ക്ക് അവിടുന്ന് ബസ് കയറി സ്കൂളിലെത്തുമ്പോഴേയ്ക്ക് ഒരു മണിക്കൂർ എടുക്കും. എന്നാൽ ഇന്ന് കഥ മാറി ദേവൂട്ടിയിപ്പോൾ 10 മിനിറ്റ് കൊണ്ടാണ് സ്കൂളിലെത്തുന്നത്.
ദേവൂട്ടിയുടെ ജീവിതത്തിന് പുതുവെളിച്ചം നൽകിയത് ഒരു സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. പെരുമ്പളം പാലം ഒരു കൊച്ചു കുഞ്ഞിന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നത് അവളുടെ അച്ഛന്റെ വാക്കുകളിൽ പ്രകടം. കലാകാരനായ ശരത് പെരുമ്പളം ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇത് ദേവൂന്റെ മാത്രം കഥയല്ല. കായലോളങ്ങളിൽ കെട്ടി നിന്ന ജീവിതങ്ങൾക്ക് മഴവിൽ നിറങ്ങൾ നൽകി പെരുമ്പളത്ത് പാലം തലയെടുപ്പോടെ നിൽക്കുന്നത് ഒരു സർക്കാരിന്റെ ഉറച്ച വാക്കുകളുടെ ബലത്തിലാണ്. ഒരു പാലം ഒരു ജനതയുടെ ജീവിതക്രമത്തെ അല്ലെങ്കിൽ സമയത്തെ എത്രത്തോളം മാറ്റിമറിച്ചുവെന്നത് നമ്മുടെ കൺമുന്നിലെ യാഥാർത്ഥ്യമാണ്. അനുഭവിച്ചവന് മാത്രം മനസ്സിലാകുന്ന ചില സന്തോഷങ്ങൾ ഇന്നിപ്പൊ കേരളത്തിന്റെയാകെ സന്തോഷം കൂടിയാണ്.
പതിനായിരത്തിലേറെ ജനങ്ങൾ അധിവസിക്കുന്ന പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ച്, കിഫ്ബി അനുവദിച്ച നൂറ് കോടി മുതൽ മുടക്കിൽ നിർമിച്ച പെരുമ്പളം പാലം എൽഡിഎഫ് സർക്കാരിന്റെ അഭിമാനപദ്ധതികളിലൊന്നാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയിടത്ത് നിന്നാണ് സംസ്ഥാന സർക്കാർ പെരുമ്പളം പാലം യാഥാർഥ്യമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ദേവുവിന് ഇനി കുറച്ച് സമയം കൂടി ഉറങ്ങാം…
ഇന്നലെ വരെ രാവിലെ സ്കൂളിൽ പോകാൻ യുദ്ധം ആയിരുന്നു. ഇന്ന് മുതൽ അത് വേണ്ട. സ്കൂൾ ബസിന്റെ സമയത്ത് കൃത്യമായി ബോട്ട് കിട്ടിയില്ലെങ്കിൽ വേറേ വണ്ടി വിളിച്ചു സ്കൂളിൽ എത്തിക്കണമായിരുന്നു…. ഉറക്കം മാറാതെ സങ്കടത്തോടെ എന്നും പാതി ഭക്ഷണം കഴിച്ച് പോകുമ്പോൾ ഞങ്ങൾക്കും സങ്കടമായിരുന്നു…കൃത്യമായി ബോട്ട് കിട്ടിയില്ലെങ്കിൽ എല്ലാം തകിടം മറിയും. വീട്ടിൽ നിന്ന് ബോട്ട് കയറി വീണ്ടും ബസ് കയറി സ്കൂളിൽ എത്താൻ 1 മണിക്കൂർ എടുത്ത സ്ഥാനത്ത് ഇപ്പോൾ 10 മിനിറ്റ് കൊണ്ട് ദേവൂട്ടി ( സാവേരി) സ്കൂളിൽ എത്തി. അവളും ഹാപ്പി…ഞങ്ങളും ഹാപ്പി.. ഒരു നാടാകെ ഹാപ്പി










0 comments