print edition ജീവന്റെ വിലയുള്ള സമ്മാനം

രെതിക അനിയപ്പനും പി വി സീമയും പെരുമ്പളം പാലത്തിനുസമീപം വള്ളത്തിൽ
ഗോകുൽ ഗോപി
Published on Mar 05, 2026, 03:10 AM | 1 min read
പെരുമ്പളം
‘വെള്ളത്തെ കീറിമുറിച്ച സൂര്യപ്രകാശത്തിനിടയിലൂടെ നീളുന്ന കൈകളാണ് ബോധംമറയുന്ന അവസാനശ്വാസത്തിൽ കണ്ടത്. പിന്നീട് മോളെ.. രെതികേ എന്ന വിളി കേട്ടു. വേമ്പനാട്ടുകായലിലെ ഓളങ്ങൾ കണ്ടാണ് വളർന്നത്. എന്നാൽ 20–ാം വയസിൽ വള്ളംമറിഞ്ഞ് അപകടത്തിൽപെട്ട ഓർമകൾ ഇന്നും വേട്ടയാടുന്നുണ്ട്. വള്ളത്തിൽ കാൽവയ്‌ക്കുമ്പോഴെല്ലാം ഉള്ളുകാളും’. മറക്കാൻ ശ്രമിച്ചിട്ടും ഭയം പിന്തുടരുന്നതിന്റെ സങ്കടത്തിൽ പെരുമ്പളം സ്വദേശി രെതിക അനിയപ്പൻ അന്ന് ജീവൻകരകയറ്റിയ കൂട്ടുകാരി പി വി സീമക്ക് മുന്നിൽ കണ്ണീരണിഞ്ഞു.
1991ൽ അരൂർ ചന്തിരൂരിലെ ലോട്ടസ് കമ്പനിയിൽ ജോലിക്കുപോകുന്പോഴാണ് ഇരുവരും സഞ്ചരിച്ച വള്ളം മറിഞ്ഞത്. രെതിക, സീമ, പാർവതി സുഗതൻ, സഹോദരിമാരായ സനിത, സുനിത എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. അന്ന് പെരുന്പളം ദ്വീപിലുള്ള മിക്ക സ്‌ത്രീകളും അരൂരിലെ ചെമ്മീൻ കന്പനികളിൽ ജോലി ചെയ്‌തിരുന്നു. പുലർച്ചെ ആറിന് എല്ലാവരും വീട്ടിൽ നിന്നിറങ്ങും. തിരികയെത്തുന്നത് രാത്രി 8.30നാണ്. അഞ്ചുപേർ വീതമാണ് വള്ളത്തിൽ അക്കരയെത്തുന്നത്. കരയ്ക്ക് 50മീറ്റർ മുൻപ് വള്ളം മറിഞ്ഞു. മറ്റു വള്ളക്കാരും കരയിലുള്ളവരും ചേർന്നാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്. ബോധരഹിതയായ രെതികയെ അന്ന് രക്ഷിച്ചത് സീമയാണ്.
ഇങ്ങനെ തിരികെ കിട്ടിയ ജീവനുമായി ഇന്നും നിരവധിപേരാണ് കായലിന്റെ ഓളങ്ങളോട് മല്ലിടുന്നത്. പുറംലോകത്തേക്ക് എത്താൻ വള്ളവും ബോട്ടുമല്ലാതെ മറ്റ് ഗതാഗതമാർഗങ്ങൾ അന്യമായിരുന്ന കാലം ഇനിമറക്കാം. തലമുറകൾ കണ്ടുതീർത്ത സ്വപ്‌നങ്ങളിലേക്ക് പറന്നുയരാൻ ചിറകേകുകയാണ് എൽഡിഎഫ് സർക്കാർ പെരുന്പളം പാലത്തിലൂടെ.










0 comments