ബ്രിട്ടനിൽ നിന്ന് തൃശൂരിലേക്ക്; പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗര

തൃശൂർ: കേരളത്തിന്റെ കലകളെയും സംസ്കാരത്തെയും ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പത്മശ്രീ പെപിത സേത്ത് ഇന്ത്യൻ പൗരത്വം സ്വീകരിക്കും. വെള്ളിയാഴ്ച തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ അർജുൻ പാണ്ഡ്യനിൽ നിന്ന് അവർ പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.
തന്റെ എൺപത്തിനാലാം വയസ്സിലാണ് ഔദ്യോഗികമായി അവർ ഭാരതത്തിന്റെ മകളായി മാറുന്നത്. ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന മുത്തച്ഛന്റെ ഡയറിയിലെ വിവരങ്ങൾ പിന്തുടർന്ന് തന്റെ 27-ാം വയസ്സിലാണ് പെപിത ഇന്ത്യയിലെത്തുന്നത്.
പിന്നീട് കേരളത്തിന്റെ ഉത്സവങ്ങളും ആനകളും തെയ്യവും അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. പെപിത തന്റെ ക്യാമറക്കണ്ണുകളിൽ പകർത്തിയ മദപ്പാടോടെ ആക്രമാസക്തനായി നിൽക്കുന്ന ഗുരുവായൂർ കേശവന്റെ ചിത്രം വലിയ ജനശ്രദ്ധ നേടി.
1981-ൽ ഹൈന്ദവാചാരപ്രകാരം ക്ഷേത്രപ്രവേശനത്തിന് അനുമതി നേടിയ അവർ, ഗുരുവായൂർ കേശവനെക്കുറിച്ചുള്ള ചിത്രങ്ങളിലൂടെയും പഠനങ്ങളിലൂടെയും ശ്രദ്ധേയയായി. കേരളീയ സംസ്കാരത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2012-ൽ രാജ്യം പത്മശ്രീ നൽകി ഇവരെ ആദരിച്ചിരുന്നു.
ശിഷ്ടകാലം മുഴുവൻ തൃശൂരിൽ ചെലവഴിക്കാനാണ് പെപിതയുടെ തീരുമാനം. പ്രശസ്ത നടൻ റോഷൻ സേത്തുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും 'സേത്ത്' എന്ന പേര് അവർ കൂടെക്കൂട്ടുകയായിരുന്നു. ഭാരതീയ പൗരത്വം ലഭിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും ഇനി ബ്രിട്ടനിലേക്ക് മടങ്ങില്ലെന്നും അവർ വ്യക്തമാക്കി.










0 comments