പയ്യാമ്പലത്ത് തിരയിലകപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിലകപ്പെട്ട കർണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബംഗളുരു റൂറൽ ബൈദരഹള്ളി നെലമംഗലയിലെ സന്തോഷ് കുമാർ (20) ആണ് മുങ്ങിമരിച്ചത്. കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച് മടങ്ങവെയാണ് സന്തേോഷും മൂന്നു സുഹൃത്തുക്കളും പയ്യാമ്പലത്ത് എത്തിയത്. ശനിയാഴ്‌ച പകൽ 1.30നാണ് അപകടം.
സന്തോഷ് കുമാറിനൊപ്പം അപകടത്തിൽ പെട്ട മനോജിനെ ലൈഫ് ഗാർഡും തീരദേശ പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘമാണ് ഞായറാഴ്‌ച രാവിലെ പയ്യാമ്പലത്ത് നിന്ന് ജഡം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ജില്ലാ സംവിധാനവും ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് ഏർപ്പാടാക്കിയ ആംബുലൻസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച വൈകുന്നേരം കൊച്ചിയിൽ നിന്ന് എത്തിച്ച കോസ്റ്റ് ഗാർഡിന്റെ ചെറു വിമാനം ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച രാവിലെ മുതൽ അഴീക്കൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ, ഡിടിപിസി ലൈഫ് ഗാർഡ്, മത്സ്യ തൊഴിലാളികൾ എന്നിവർ സംഘങ്ങളായി തിരിഞ്ഞ് പരിശോധന പുനരാരംഭിച്ചു. ശനിയാഴ്‌ച രാവിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലിൽ ഇറങ്ങിയ മൈസൂരുവിൽനിന്നുള്ള എട്ടംഗസംഘത്തിലെ ചിരന്ത്ശർമ(24) എന്നയാളും തിരയിൽപ്പെട്ടിരുന്നു. ലൈഫ് ഗാർഡുമാരാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
വേലിയേറ്റമായതിനാൽ ശനി രാവിലെ മുതൽ കടൽ പ്രക്ഷുബ്ധമായിരുന്നു. കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങിയതിനുശേഷം അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ കൂട്ടത്തോടെ പയ്യാമ്പലത്ത് എത്തുന്നുണ്ട്.










0 comments