മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച് ഭീതി പരത്തി
print edition ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പേർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട : മദ്യപിച്ച് അപകടകരമാംവിധം പൊലീസ് ജീപ്പോടിച്ച് ഭീതി പരത്തിയ ജില്ലാ ആന്റി നർക്കോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ടീമിലെ (ഡാൻസാഫ്) മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സിവിൽ പൊലീസ് ഓഫീസർമാരായ പ്രിയേഷ് എം കുറുപ്പ്, സുമൻ, എൻ രാഹുൽ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
മൂവരും പത്തനംതിട്ട ഡിവൈഎസ്‌പിയുടെ ഡാൻസാഫ് സംഘത്തിലുള്ളവരാണ്. ജീപ്പോടിച്ച പ്രിയേഷ് എം കുറുപ്പിനെതിരെ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കേസുമെടുത്തിട്ടുണ്ട്. നാട്ടുകാർ തടഞ്ഞുവച്ച ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയെങ്കിലും പരിശോധനാഫലം സംഭവദിവസം പുറത്തുവിട്ടിരുന്നില്ല. മാധ്യമവാർത്തകളെ തുടർന്നാണ് വകുപ്പുതല നടപടിയും കേസും.
ചൊവ്വ വൈകിട്ട് ആറിന് പത്തനംതിട്ട താഴെവെട്ടിപ്രം റോഡിലായിരുന്നു സംഭവം. മൈലപ്ര ഭാഗത്തുനിന്ന് വന്ന പൊലീസ് ജീപ്പ് പലയിടത്തുംവച്ച് മറ്റ് വാഹനങ്ങളെ ഇടിക്കുന്ന തരത്തിലായിരുന്നു. ഇതിനിടെ വനിത ഓടിച്ച ഓട്ടോറിക്ഷയിലും തട്ടാനൊരുങ്ങി. നിർത്താതെ പോയ ജീപ്പിനെ പിന്തുടർന്ന ഇവർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനുസമീപം റിങ് റോഡിൽ തടഞ്ഞ് അപകടകരമായ യാത്രയെ ചോദ്യംചെയ്‌തു. നാട്ടുകാരുമെത്തിയതോടെ ജീപ്പിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ ബാഗുമായി ഇറങ്ങിയോടി.
എന്നാൽ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു. സംഭവമറിഞ്ഞെത്തിയ പത്തനംതിട്ട പൊലീസ് മൂവരെയും ജനറൽ ആശുപത്രിയിലെത്തിച്ച് വൈ ദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. ഡാൻസാഫ് സംഘത്തിന്റെ ‘ലക്കുകെട്ട’ നടപടി വാർത്താമാധ്യമങ്ങളിൽ കണ്ട് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.










0 comments