യാത്രക്കാർക്ക് സീറ്റ് നിഷേധിച്ചു; എയർ ഏഷ്യയിൽ നിന്ന് നഷ്‌ടപരിഹാരം ഇൗടാക്കി

കോഴിക്കോട്: വിമാനയാത്രയ്‌ക്ക് ടിക്കറ്റെടുത്ത യാത്രക്കാർക്ക് സീറ്റ് നിഷേധിച്ച എയർ ഏഷ്യയിൽ നിന്ന് നഷ്‌ടപരിഹാരം ഇടാക്കി ഉപഭോക്തൃ കോടതി. ആദ്യ ഘട്ടമായി 1.53 ലക്ഷം രൂപയാണ് എയൽ ഏഷ്യ പരാതിക്കാർക്ക് കൈമാറിയത്. കല്ലായി സ്വദേശി മുൻഷിദ് അലി, നല്ലളം സ്വദേശി ഷഹരിയാർ, മാവൂർ റോഡ് സ്വദേശി ഇജാസ് മുഹമ്മദ് എന്നിവരാണ് പരാതിക്കാർ.
2009ൽ കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടേയാണ് സംഭവം. എമിഗ്രേഷൻ നടപടികൾ പൂർത്തിയായി മൂന്ന് പേരും ഫ്ലൈറ്റിൽ കയറാൻ ഒരുങ്ങവെയാണ് സുരക്ഷാ ജീവനക്കാർ സീറ്റ് നിഷേധിച്ചത്. അനൗൺസ് ചെയ്‌ത സമയത്ത് വന്നില്ലെന്ന വാദമുയർത്തിയാണ് തടഞ്ഞതെന്ന് പരാതിക്കാർ പറയുന്നു. തുടർന്ന് അന്ന് എയർപോർട്ടിൽ തങ്ങി, അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് വിമാനം കയറുകയായിരുന്നു. ഇവർ നൽകിയ പരാതിയിൽ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി എയർ ഏഷ്യ ഒരാൾക്ക് 25000 രൂപയും ചെലവും കൊടുക്കാൻ വിധിച്ചു.
എയർ ഏഷ്യ ദേശീയ തലത്തിൽ വരെ അപ്പീൽ പോയെങ്കിലും ഫലമുണ്ടായില്ല. നഷ്‌ടപരിഹാരം ഒരാൾക്ക് ഒരു ലക്ഷം രൂപ വീതമായി ഉയർത്തുകയും ചെയ്‌തു. പണം തരാത്തതിനാൽ കൺസ്യൂമർ കോടതിയിൽ വീണ്ടും പരാതി നൽകിയതിനെ തുടർന്നാണിപ്പോൾ 1,53,498 രൂപ എയർ ഏഷ്യ കൈമാറിയത്. ബാക്കി തുക ഉടൻ കൈമാറിയില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് നീങ്ങുമെന്നാണ് വിധിയിൽ പറയുന്നത്.










0 comments