ad
Deshabhimani

മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല; സ്ഥലംവിട്ടു പോകില്ല: പാരിയത്തുകാവ് ഉന്നതി നിവാസികൾ

Police brutality in Pariyathukavu kochi

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jun 02, 2026, 05:23 PM | 1 min read

പെരുമ്പാവൂർ: പാരിയത്തുകാവ്‌ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രതികരണങ്ങൾക്കെതിരെ ഉന്നതിയിലെ കുടുംബങ്ങൾ പരസ്യമായി രംഗത്ത്. പുനരധിവാസവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് തങ്ങളുമായി യാതൊരുവിധ ചർച്ചയും നടത്തിയിട്ടില്ലെന്നും ഒരു ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുടുംബങ്ങൾ വ്യക്തമാക്കി. തങ്ങളോട് ഒട്ടും കൂടിയാലോചിക്കാതെയാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയതെന്നും ഉന്നതിയിലെ ജനങ്ങൾ തുറന്നടിച്ചു.


പാരിയത്തുകാവിലെ കുടുംബങ്ങൾ പുനരധിവാസത്തിന് സമ്മതിച്ചുവെന്നാണ് മുഖ്യമന്ത്രി ഇന്ന് സഭയെ അറിയിച്ചത്. എന്നാൽ, ഇത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രിയുടേത് തീർത്തും തെറ്റായ പ്രസ്താവനയാണെന്നും ജനങ്ങൾ പറഞ്ഞു. സർക്കാർ മുന്നോട്ടുവെക്കുന്ന പുനരധിവാസം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, തങ്ങൾ താമസിക്കുന്ന ഭൂമിയിൽ ഉടമസ്ഥാവകാശം വേണമെന്നുള്ള ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും പാരിയത്തുകാവ് ഉന്നതിയിലെ ജനങ്ങൾ വ്യക്തമാക്കി. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾ സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ യുഡിഎഫ് സർക്കാർ കടുത്ത പ്രതിരോധത്തിലാവുകയാണ്.


കഴിഞ്ഞ മെയ് 21നാണ് കുടിയൊഴിപ്പിക്കൽ എന്ന പേരിൽ ഒരുമണിക്കൂറിലേറെ പാരിയത്തുകാവിലെ ജനങ്ങളെ അതിക്രൂരമായി വേട്ടയാടിയത്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയതിന്റെ ധൈര്യത്തിൽ ഭൂമാഫിയക്കായി പൊലീസ്‌ നടത്തിയത്‌ മനഃസാക്ഷിയെ നടുക്കുന്ന ആക്രമണമായിരുന്നു അത്. പുരുഷ പൊലീസുകാർ സ്‌ത്രീകളെയും കുട്ടികളെയുംപോലും വെറുതെവിട്ടില്ല. കഴിഞ്ഞ 14 തവണ വന്നതിൽനിന്ന്‌ വ്യത്യസ്‌തമായിട്ട് ഇക്കുറി അഭിഭാഷക കമീഷനും പൊലീസും എത്തിയത്‌. ഇരുനൂറോളം പൊലീസുണ്ടായിരുന്നു.


എന്നാൽ കോടതി സമ്മർദമാണ് പൊലീസ് നടപടിക്ക് കാരണമെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ന്യായീകരണം. പൊലീസിന്റെ ബലപ്രയോഗത്തിനിടയിൽ പരിക്കേറ്റ സ്ത്രീകളെപ്പോലും അപഹസിക്കുന്ന രീതിയിലാണ് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. ഒരാൾ ശരീരത്തിൽ പെട്രോൾ ഒഴിക്കാൻ നോക്കിയപ്പോൾ ഫയർഫോഴ്സ് വെള്ളം അടിച്ചതാണെന്നും, ആ വെള്ളം അടിച്ചപ്പോഴുള്ള ശക്തിയിലാണ് സ്ത്രീകൾ നിലത്തു വീണതെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.


പതിറ്റാണ്ടുകളായി താമസിക്കുന്ന മണ്ണിൽ നിന്നും പാവപ്പെട്ട കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടാൻ പൊലീസ് കാട്ടിയ ക്രൂരതയെ ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് ന്യായീകരിക്കുന്നത് സർക്കാരിന്റെ ജനവിരുദ്ധ നയമാണ് തുറന്നുകാട്ടിയത്. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പുതിയ സർക്കാർ, അധികാരത്തിലേറി ദിവസങ്ങൾക്കകം തന്നെ പൊലീസിന്റെ നരനായാട്ടിന് കുടപിടിക്കുന്ന കാഴ്ചയാണ് കേരളം കാണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home