print edition പാലത്തായി പീഡനക്കേസ്: വിധി ശിശുദിനത്തിൽ; വിസ്തരിച്ചത് 40 സാക്ഷികളെ


സ്വന്തം ലേഖകൻ
Published on Nov 13, 2025, 11:38 AM | 1 min read
തലശേരി: ബിജെപി നേതാവായ അധ്യാപകൻ പ്രതിയായ പാലത്തായി പീഡനക്കേസിൽ തലശേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി എം ടി ജലജറാണി 14ന് വിധിപറയും. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജൻ (പപ്പൻ മാഷ്﹣49) അതേ സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിശുദിനത്തിൽ വിധിപറയുന്നത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ മൂന്ന്‌തവണ അധ്യാപകൻ ബാത്ത്‌റൂമിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 2025 ആഗസ്‌ത് 13വരെ തുടർച്ചയായ വിചാരണയുണ്ടായി. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്തായ വിദ്യാർഥി, നാല് അധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യുഷൻ വിസ്‌തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും ബ്ലീഡിങ്ങിനെ തുടർന്ന് ചികിത്സതേടിയതിന്റെയും വിവരങ്ങളും ഹാജരാക്കിയ രേഖകളിലുണ്ട്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്‌തരിച്ചു.
ഏറെ രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ചതാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17നാണ് കേസെടുത്തത്. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്‌റ്റുചെയ്‌തു. പെൺകുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ജുവനൈൽ ജസ്‌റ്റിസ് ആക്ടിലെ 75, 82 വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്‌ക്ടീവ് ഇൻസ്‌പെക്ടർ മധുസൂദനൻ നായർ ഇടക്കാല കുറ്റപത്രം സമർപ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇൗ ഘട്ടത്തിലാണ് നാർകോട്ടിക്‌സെൽ എഎസ്‌പി രേഷ്‌മ രമേഷ് ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചത്. അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ എഡിജിപി ഇ ജെ ജയരാജൻ, ഡിവൈഎസ്‌പി രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്‌സോ വകുപ്പുകൾ ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പി എം ഭാസുരി ഹാജരായി.









0 comments