print edition പാലക്കാട് വൻ ലഹരിവേട്ട; കോടികളുടെ ലഹരിയുമായി ദമ്പതികളടക്കം 4 പേർ പിടിയിൽ

പ്രതീകാത്മക ചിത്രം
പാലക്കാട്: ഒലവക്കോടുനിന്ന് 800 ഗ്രാം എംഡിഎംഎയടക്കം കോടികളുടെ ലഹരിവസ്‌തുക്കളുമായി ദമ്പതികൾ ഉൾപ്പടെ നാലുപേർ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി അമ്പഴത്തിൻ വീട്ടിൽ മുഹമ്മദ് നാസിഹ് (27), മലപ്പുറം വേങ്ങര കുന്നത്ത് വീട്ടിൽ മുഹമ്മദ് അസറുദ്ദീൻ (30), ഭാര്യ ദക്ഷിണ കന്നഡ ബെൽത്തങ്ങാടി കജൂർ വീട്ടിൽ ബീഫാത്തിമ (27), ഡ്രൈവർ കോയമ്പത്തൂർ സ്വദേശി ഷെബീർ അഹമ്മദ് (37) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
തിങ്കൾ പുലർച്ചെ അഞ്ചിന് ഒലവക്കോട് ജങ്‌ഷനിൽ പരിശോധനയ്‌ക്കിടെ ഇവർ സഞ്ചരിച്ച ഇന്നോവ കാറിൽനിന്ന് 800 ഗ്രാം എംഡിഎംഎ, രണ്ട് എൽഎസ്‌ഡി സ്റ്റാമ്പ്, ഏഴ് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, രണ്ട് ഗ്രാംവീതം കൊക്കയിൻ, ബ്രൗൺഷുഗർ എന്നിവ കണ്ടെടുക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിനടിയിൽ പോളിത്തീൻ കവറിൽ പൊതിഞ്ഞനിലയിലായിരുന്നു ഇവ.
വെള്ളിയാഴ്‌ച ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് കഞ്ചാവുമായി പിടിയിലായ ആളിൽനിന്നാണ് ലഹരിക്കടത്തിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. സംഘത്തിലെ പ്രധാനിയായ മണ്ണാർക്കാട് സ്വദേശി സലിമിനെ ഞായറാഴ്ച രാത്രി പിടികൂടി. ബംഗളൂരുവിൽനിന്നാണ് ലഹരി കടത്തുന്നതെന്ന് ഇയാൾ മൊഴി നൽകി.
തുടർന്ന് കോയമ്പത്തൂർ കുനിയമ്പുത്തൂർ ഭാഗത്തുനിന്ന് ലഹരിക്കടത്ത് സംഘത്തിന്റെ വാഹനം പൊലീസ് പിന്തുടർന്നു. സംഘം പൊലീസിനെ കബളിപ്പിക്കാൻ രണ്ട് തവണ വഴിമാറി സഞ്ചരിച്ചു. ചിറ്റൂർവഴി മലപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള ഇന്നോവ കാറിൽ ഡ്രൈവറെ വാടകയ്‌ക്ക് എടുത്തായിരുന്ന ലഹരിക്കടത്ത്. പാലക്കാട് ഡിവൈഎസ്‌പി കെ എം ബിജു പരിശോധനയ്‌ക്ക് നേതൃത്വം നൽകി.









0 comments