പാലക്കാട് സ്വകാര്യ ബസിന് തീപിടിച്ചു
കോഴിക്കോട് നിന്ന് ചെന്നൈക്ക് പോകുന്ന സ്വകാര്യ ബസിന് തീ പിടിച്ചപ്പോൾ
സ്വന്തം ലേഖകൻ
Published on Jan 11, 2025, 10:07 AM | 1 min read
പാലക്കാട് : കോഴിക്കോട് നിന്ന് പോണ്ടിച്ചേരി വഴി ചെന്നൈക്ക് പോയ സ്വകാര്യ ബസ് പാലക്കാടുവച്ച് കത്തി നശിച്ചു. ആർക്കും പരിക്കില്ല. വെള്ളി രാത്രി 8.55 നായിരുന്നു അപകടം. പെരിന്തൽമണ്ണ–- മുണ്ടൂർ സംസ്ഥാന പാതയിൽ തിരുവാഴിയോട് പെട്രോൾ പമ്പിനും ശ്രീകൃഷ്‌ണപുരം പൊലീസ് സ്റ്റേഷനും സമീപത്താണ് ബസിന് തീപിടിച്ചത്. ബസിൽ 23 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 26 പേർ ഉണ്ടായിരുന്നു. ബസിനുമുന്നിലെ ഡാഷ് ബോർഡിൽനിന്ന് പുക കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി.
അഞ്ചുമിനിറ്റിനുള്ളിൽ തീ ആളിപ്പടർന്നു. കോഴിക്കോട് നിന്ന് വൈകിട്ട് 5.05 ന് പുറപ്പെട്ട എ വൺ ട്രാവൽസ് സ്ലീപ്പർ ബസാണ് കത്തിയത്. കോങ്ങാട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽനിന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
ഷോർട്ട് സർക്യുട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരിൽ ചിലരുടെ ഹാൻഡ് ബാഗുകൾ കത്തി നശിച്ചു. ബസിന്റെ സൈഡിലും പുറകിലും ഉണ്ടായിരുന്ന ലഗേജുകൾ ജീവനക്കാർ യാത്രക്കാർക്ക് എടുത്തുനൽകി. രാത്രി 9.50 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. യാത്രക്കാർക്ക് മറ്റു രണ്ട് ബസുകളിലായി യാത്രാ സൗകര്യം ഒരുക്കി.
0 comments