print edition നെല്ല് സംഭരണം: കേരളത്തിന് കിട്ടാനുണ്ട് 1722 കോടി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : നെല്ല് സംഭരിച്ച വകയിൽ 2017 മുതലുള്ള കുടിശ്ശികകൂടി ചേർത്ത് കേന്ദ്രത്തിൽനിന്ന് കേരളത്തിന് കിട്ടാനുള്ളത് 1722 കോടി രൂപ. മുൻകൂറായി 328 കോടി രൂപ ആവശ്യപ്പെട്ട് കഴിഞ്ഞവർഷം അവസാനം കേരളം നൽകിയ കത്ത് ഇതുവരെ പരിഗണിച്ചിട്ടുമില്ല. സംസ്ഥാനം ഒരു സാന്പത്തിക വർഷത്തേക്ക് നീക്കിവെച്ച മൊത്തം പ്രോത്സാഹന ബോണസുൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞ ഒന്നാംവിള സീസണിലും രണ്ടാംസീസണിലും കർഷകർക്ക് തുക നൽകിയത്.
സംഭരിക്കുന്ന നെല്ല് മില്ലുടമകൾ അരിയാക്കി സപ്ലൈകോക്ക് നൽകുകയും അത് റേഷൻ കട വഴി വിതരണം ചെയ്‌ത് ബിൽ നൽകുകയും ചെയ്‌തശേഷമാണ് കേന്ദ്രസർക്കാർ സംഭരണത്തുക നൽകുന്നത്. ഇതിന് ശരാശരി എട്ടുമാസം എടുക്കും. ഇതിനായി മുന്പ് നിശ്ചിത തുക മുൻകൂർ അനുവദിക്കുന്ന പതിവുണ്ട്. ഇൗ തുക കുറച്ചാണ് സംഭരണത്തുക അനുവദിക്കുക. ഇത്തവണ മുൻകൂർ തുകയും കേന്ദ്രം നൽകിയിട്ടില്ല. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ലിന്റെ 95 ശതമാനവും സംസ്ഥാന സർക്കാരാണ് സംഭരിക്കുന്നത്.
30 രൂപയ്‌ക്കാണ് കേരളത്തിൽ ഒരു കിലോ നെല്ല് സംഭരിക്കുന്നത്. ഇതിൽ 6.31 രൂപയാണ് സംസ്ഥാനത്തിന്റെ പ്രോത്സാഹന ബോണസ്. ശരാശരി 6.5 ലക്ഷം ടൺ നെല്ലാണ് ഒരുവർഷം സംഭരിക്കുന്നത്. കൈകാര്യ ചെലവായി 12 പൈസ നൽകുന്നു. 2.50 ലക്ഷത്തോളം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. കർഷകർക്ക് വിവിധ സബ്‌സിഡികൾ, ജലസേചന നിരക്കിൽ ഇളവ് എന്നിവയും നൽകുന്നുണ്ട്. ജനുവരി മുതൽ പ്രോത്സാഹന ബോണസ് നൽകരുതെന്ന് കേന്ദ്രം നിർദേശിച്ചിരുന്നെങ്കിലും സംസ്ഥാനസർക്കാർ അത് തള്ളി. ഒന്നാംവിള സീസണിലും സംസ്ഥാനവിഹിതം നൽകുന്നുണ്ട്.










0 comments