ad
Deshabhimani

നെല്ല്‌ സംഭരണം അട്ടിമറിക്കൽ ; കേന്ദ്ര നീക്കത്തിനുപിന്നിൽ 
വൻകിട മില്ലുകാർ

Paddy Procurement
avatar
വേണു കെ ആലത്തൂർ

Published on Jun 22, 2025, 03:22 AM | 1 min read


പാലക്കാട്‌

സപ്ലൈകോ മുഖേനയുള്ള നെല്ല്‌ സംഭരണം അട്ടിമറിച്ച്‌ കേന്ദ്ര ഏജൻസിയായ നാഷണൽ കോ–ഓപ്പറേറ്റീവ്‌ കൺസ്യൂമേഴ്‌സ്‌ ഫെഡറേഷനെ (എൻസിസിഎഫ്‌) രംഗത്തിറക്കാനുള്ള കേന്ദ്ര നീക്കത്തിനുപിന്നിൽ വൻകിട മില്ലുകാർ.


നിലവിൽ സപ്ലൈകോ സംഭരിക്കുന്ന നെല്ല്‌ കരാർ ഒപ്പിട്ട മില്ലുകാർ വഴി അരിയാക്കി എഫ്‌സിഐക്ക്‌ കൈമാറുകയാണ്. മില്ലില്‍ എത്തുന്ന അരിയുടെ കണക്ക്‌ അനുസരിച്ച്‌ സപ്ലൈകോയ്‌ക്ക്‌ കേന്ദ്ര വിഹിതം നൽകുകയുമാണ്‌ രീതി. എഫ്‌സിഐയിൽ എത്തുന്ന അരി കേരളത്തിലെ റേഷൻ കട വഴി ചുരുങ്ങിയ നിരക്കിൽ വിതരണം ചെയ്യുന്നു. പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താനും അതുവഴി കർഷകർക്ക്‌ ഉയർന്ന വില ലഭിക്കാനുമാണ്‌ നെല്ല്‌ സംഭരണം പൊതുമേഖലയിൽ നിലനിർത്താൻ സംസ്ഥാനം ശ്രമിക്കുന്നത്‌. ഇതിന് കേന്ദ്രവിഹിതത്തിന്‌ പുറമെ സംസ്ഥാന വിഹിതമായി 5.20 രൂപ കിലോയ്‌ക്ക്‌ അനുവദിക്കുന്നുമുണ്ട്‌. ഒരു കിലോ നെല്ലിന്‌ കർഷകന്‌ ലഭിക്കുന്നത്‌ 28.02 രൂപയാണ്‌. രാജ്യത്തെ ഏറ്റവും ഉയർന്ന വിലയാണിത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്രവിഹിതം മാത്രമേയുള്ളൂ.


ഒരു വർഷം രണ്ട്‌ സീസണിലായി 5.77 ലക്ഷം ടൺ നെല്ലാണ്‌ സംസ്ഥാനത്ത്‌ സംഭരിക്കുന്നത്‌. ഇതിന്റെ 68 ശതമാനം അരിയാണ്‌ മില്ലുകാർ എഫ്‌സിഐക്ക്‌ നൽകുന്നത്‌. ഒരു കിലോ നെല്ല്‌ സംഭരിക്കുമ്പോൾ 64 ശതമാനം അരി നൽകാനേ കഴിയൂവെന്നാണ്‌ മില്ലുകാർ പറയുന്നത്‌. കേന്ദ്ര ഏജൻസി നെല്ല്‌ സംഭരിക്കുമ്പോൾ അതിൽ മില്ലുകാരെ സഹകരിപ്പിച്ച് പാലക്കാടൻ മട്ട സ്വന്തം നിലയിൽ അരിയാക്കി വിൽപ്പന നടത്താൻ അവകാശം ലഭിക്കും. 100 മുതൽ 150 രൂപവരെയാണ്‌ ഗൾഫ്‌ നാടുകളിൽ ഒരു കിലോ പാലക്കാടൻ മട്ട (കുഞ്ഞുകുഞ്ഞ്‌) അരിക്ക്‌ വില. ഇപ്പോള്‍ കർഷകർക്ക്‌ ഇഷ്ടമുണ്ടെങ്കിൽ മാത്രം സപ്ലൈകോ വഴിയും അല്ലെങ്കിൽ സ്വകാര്യമില്ലുകാർക്കും കൊടുക്കാം. എൻസിസിഎഫുമായി കരാർ ഒപ്പിടുന്ന കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല്‌ അവർക്കുതന്നെ നൽകണം. ഇങ്ങനെ സംഭരിക്കുന്ന നെല്ല്‌ വൻകിട മില്ലുകാർക്ക്‌ എത്തുമെന്നാണ്‌ ആശങ്ക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home