മന്ത്രി അനാവശ്യപ്രസ്താവനകളിലൂടെ രംഗം വഷളാക്കരുത്

കോഴിക്കോട്: നിപാ രോഗം സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. അനാവശ്യ പ്രസ്താവനകളിലൂടെ മന്ത്രി രംഗം വഷളാക്കരുതെന്നും അത് ജനങ്ങളെയാണ് ബാധിക്കുകയെന്നും കോഴിക്കോട് കലക്ടറേറ്റിൽ കൺട്രോൾ റൂം സന്ദർശിക്കാനെത്തിയ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം വീണുകിട്ടിയ ആയുധമായി നിപായെ ഉപയോഗിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ആരോഗ്യമന്ത്രി ജില്ലയിൽ ക്യാമ്പ് ചെയ്ത് നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിപാ ബാധിച്ചപ്പോൾ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രിമാരും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഇവിടെ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വീഴ്ചകളും പോരായ്മകളും പരസ്യമായി പറയേണ്ട ഘട്ടമല്ലാത്തതിനാൽ കൂടുതൽ വിമർശനങ്ങൾ നടത്തുന്നില്ല. റൂട്ട്‌മാപ്പ് തയ്യാറാക്കുന്നതിലും സമ്പർക്ക നിരോധിത മേഖലകൾ പ്രഖ്യാപിക്കുന്നതിലുമടക്കം കൃത്യമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ട് സർക്കാരുകളും നടത്തിയത്. ഇപ്പോൾ അതുണ്ടായില്ല. പകർച്ചവ്യാധികൾ പെരുകുമ്പോഴും ജില്ലയിൽ ഡിഎംഒ ഇല്ല. പകരം ആളെ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും റിയാസ് പറഞ്ഞു.










0 comments