print edition തെറ്റുകളുടെ ഘോഷയാത്ര: പി എ മുഹമ്മദ് റിയാസ്


സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:01 AM | 1 min read
തിരുവനന്തപുരം : യുഡിഎഫ് സർക്കാർ വന്നതിനുശേഷം ചുരുങ്ങിയ നാളുകൾക്കുള്ളിൽ തെറ്റുകളുടെ ഘോഷയാത്രയാണെന്ന് പി എ മുഹമ്മദ് റിയാസ്. സത്യപ്രതിജ്ഞയിലെ വന്ദേമാതരത്തിൽ തുടങ്ങി, വി സി നിയമനം, സിൻഡിക്കറ്റ് നിയമനം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി, പിഎം ശ്രീ എന്നിവയിലെല്ലാം അത് കണ്ടു. ഇങ്ങനെ പോയാൽ ‘തെറ്റ് വകുപ്പ്’ എന്ന പുതിയ വകുപ്പ് രൂപീകരിക്കേണ്ടി വരും. നല്ല നാക്കുള്ളതിനാൽ തെറ്റിനെ ശരിയാക്കാൻ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക് നൽകാമെന്നും ധനാഭ്യർഥന ചർച്ചയിൽ റിയാസ് പറഞ്ഞു.
സർക്കാർ ചുമതലയേറ്റതേയുള്ളൂ, സമയം തരണം എന്നാണ് പ്രതിപക്ഷത്തോട് പറയുന്നത്. അത് പറയേണ്ടത് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരനോടും ഹൈക്കമാൻഡിന്റെ തലപ്പത്തിരിക്കുന്ന ആളോടുമാണ്. കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയതിൽ മുസ്ലിം ലീഗിന്റെ നിലപാട് എന്താണെന്നും റിയാസ് ചോദിച്ചു.
ആർഎസ്‌എസിന് കുടപിടിക്കും എന്ന് ബോധ്യമുള്ളതുകൊണ്ടാണ് യുഡിഎഫ് അധികാരത്തിലെത്തി നാലാംദിവസം പിഎം ശ്രീ നടപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ കത്തയച്ചതെന്ന് കെ പ്രേംകുമാർ പറഞ്ഞു. പുതുക്കിയ ബജറ്റിൽ പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളെ അവഗണിച്ചു. ഭരണാനുമതി കിട്ടിയ പദ്ധതികളുടെ അടക്കം വിഹിതം വെട്ടിക്കുറച്ചു.
ചുരുങ്ങിയ നാളിനുള്ളിൽ ഇത്ര മലക്കംമറിഞ്ഞ ഒരു സർക്കാർ വേറെയുണ്ടാകില്ലെന്ന് പി പി സുമോദ് പറഞ്ഞു. തദ്ദേശമന്ത്രി ഒഴുക്കിവിട്ട പിഎം ശ്രീ പേടകം അറബിക്കടലിൽ ഒഴുകിനടക്കുന്നുണ്ടാകും എന്നതിനാൽ ട്രോളിങ് കഴിഞ്ഞ് കടലിൽ ഇറങ്ങുമ്പോൾ മത്സ്യതൊഴിലാളികൾ കരുതൽ പുലർത്തണം. നരേന്ദ്രമോദി എങ്ങനെയാണോ കേന്ദ്രത്തിൽ ബ്ലൂ ഇക്കണോമി നടപ്പാക്കുന്നത് അതിന്റെ കേരള പതിപ്പാണ് മിഷൻ സമുദ്രയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനവഴികളെയും ക്ഷേമ പ്രവൃത്തികളെയും ബാധിക്കുന്ന നയവ്യതിയാനങ്ങൾ ബജറ്റിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് ഗീത ഗോപി പറഞ്ഞു.











0 comments