print edition ആർഎസ്എസ് വിധേയത്വം; സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരവും

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച് ആർഎസ്‌എസ് വിധേയത്വം. വന്ദേമാതരത്തിലെ വിവാദങ്ങൾക്ക് ഇടയാക്കിയ ഭാഗം ഉൾപ്പെടെയാണ് ചടങ്ങിൽ ആലപിച്ചത്.
ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കുകയും ചെയ്യുന്നത് വന്ദേമാതരത്തിന്റെ ആദ്യ ഈരടികളാണ്. തുടർന്നുവരുന്ന ചില ഭാഗങ്ങൾക്കെതിരെയാണ് വിമർശം നിലനിൽക്കുന്നത്. അതുൾപ്പെടെയാണ് സത്യപ്രതിജ്ഞാച്ചടങ്ങിൽ ആലപിച്ചത്.
സുപ്രീംകോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഉപദേശരൂപേണയാണ് നൽകിയിട്ടുള്ളത്. നിർബന്ധമല്ലെന്നും അനുസരിക്കാത്തതിന് ശിക്ഷാനടപടി ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞാചടങ്ങിലും വന്ദേമാതരം വിവാദഭാഗം ചൊല്ലിയത് വൻ വിമർശത്തിനിടയാക്കിയിരുന്നു. ബംഗാളിലാകട്ടെ, വന്ദേമാതരം ചൊല്ലിയതുമില്ല.
സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് ആശങ്ക രേഖപ്പെടുത്തി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമാണ് പുതിയ സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.










0 comments